കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പാസ്പോര്‍ട്ട്, വിദേശയാത്ര രേഖകള്‍ എന്നിവ ഇന്ന് കസ്റ്റംസ് ഓഫീസില്‍ ഹാജരാക്കണമെന്ന് അന്വേഷണ സംഘം നിര്‍ദ്ദേശം നല്കി. എന്നാല്‍ ശിവശങ്കര്‍ നേരിട്ട് ഹാജരാകണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടില്ല.
സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തേക്കും എന്ന സൂചന പുറത്തു വന്നതിനിടെയാണ് ചോദ്യം ചെയ്യല്ലിന് ഹാജരാവേണ്ടതില്ലെന്ന് ശിവശങ്കറിനോട് കസ്റ്റംസ് നിര്‍ദേശിച്ചത്. എന്നാല്‍ മറ്റാരെങ്കിലും വഴി പാസ്പോര്‍ട്ട്, വിദേശയാത്ര രേഖകള്‍ എന്നിവ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം ശിവശങ്കറും വിദേശ യാത്ര നടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ യാത്രയ്ക്കിടയില്‍ സ്വപ്ന ഒരു കോടി 90 ലക്ഷം രൂപയുടെ യുഎസ് ഡോളറും രഹസ്യമായി വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് തനിക്ക് അറവില്ലെന്നാണ് ശിവശങ്കറിന്റെ മൊഴി. ഇക്കാര്യങ്ങളിലുള്ള തുടര്‍ അന്വേഷണത്തിന്റെ ഭാഗമായാണ് യാത്ര രേഖയും പാസ്പോര്‍ട്ടും ഹാജരാക്കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുള്ളത്.
സ്വര്‍ണക്കളളക്കടത്തിലടക്കം വിവിധ ഏജന്‍സികള്‍ ശവശങ്കറിനെ പലപ്പോഴായി ചോദ്യം ചെയ്തെങ്കിലും പ്രതിചേര്‍ക്കാന്‍ തക്ക തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് സൂചന. കൂടുതല്‍ തെളിവ് ലഭിച്ചാല്‍ മാത്രമാകും ഇനി ശിവശങ്കറിനെ വീണ്ടും വിളിപ്പിക്കുന്നത്. അതേസമയം എന്‍ഴോഴ്സ്മെന്റ് റജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതി സന്ദീപ് നായര്‍ നല്കിയ ജാമ്യഹര്‍ജി ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും.