BREAKING NEWSKERALA

ശിവശങ്കര്‍ ജയിലിലേക്കോ; മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഇഡി എടുത്ത കേസില്‍ അറസ്റ്റിനു സാധ്യത മുന്നില്‍ കണ്ടാണ് നീക്കം.
കഴിഞ്ഞ ദിവസം ശിവശങ്കര്‍ കൊച്ചിയിലെത്തി ഹൈക്കോടതി അഭിഭാഷകന്‍ എസ്. രാജീവിനെ സമീപിച്ച് നിയമോപദേശം തേടിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന സ്വപ്ന സുരേഷിനെതിരായ കേസില്‍ ശിവശങ്കറിന്റെ ഇടപെടല്‍ എത്രത്തോളമുണ്ടെന്ന് വ്യക്തത വരുത്തേണ്ടതിനാല്‍ ഹാജരാകാന്‍ ശിവശങ്കറിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഉപയോഗിച്ചാണ് ഇഡി ചോദ്യം ചെയ്യലിന് ഒരുങ്ങിയിരിക്കുന്നത്.
കസ്റ്റംസ് അന്വേഷണ സംഘവും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നതിന് തയാറെടുക്കുകയാണ്. ഇനി ഒരിക്കല്‍ കൂടി വിളിപ്പിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റുണ്ടായേക്കും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ നീക്കം. താന്‍ തെറ്റു ചെയ്തിട്ടില്ലാത്തതിനാല്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നില്ല എന്ന നിലപാടിലായിരുന്നു ശിവശങ്കര്‍ ഇതുവരെ. ഇതിനു മുമ്പ് എന്‍ഐഎ ഓഫിസില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ ഇതേ അഭിഭാഷകനെ തന്നെ കാണാന്‍ ശ്രമിച്ചെങ്കിലും മാധ്യമങ്ങളുടെ കണ്ണില്‍ പെട്ടതിനാല്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങിയിരുന്നു.
കസ്റ്റംസ് ഇന്നലെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് വന്നാല്‍ മതി എന്ന് വ്യക്തമാക്കിയിരുന്നു. കൂടുതല്‍ തെളിവു ശേഖരണത്തിനു വേണ്ടിയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത് നീട്ടി വച്ചത് എന്നാണ് വ്യക്തമാകുന്നത്. പലപ്പോഴും ശിവശങ്കര്‍ ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറിയെങ്കിലും കൃത്യമായ തെളിവുകളുമായി അന്വേഷണ സംഘം വിശദീകരിക്കുമ്പോള്‍ കാര്യങ്ങള്‍ അംഗീകരിക്കുന്നതാണ് ഇദ്ദേഹം അന്വേഷണ സംഘത്തിനു മുന്നില്‍ സ്വീകരിച്ചു വരുന്ന രീതി. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിക്കുന്നത് കുരുക്കു മുറുക്കുമെന്നത് മുന്നില്‍ കണ്ടാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Related Articles

Back to top button