KERALALATEST

ശിവശങ്കറിനെ മാറ്റുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശുപത്രി ജീവനക്കാരുടെ വക തല്ല്

തിരുവനന്തപുരം: എം ശിവശങ്കറിനെ ആശുപത്രി മാറ്റുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ പിആര്‍എസ് ആശുപത്രിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. ആശുപത്രി ജീവനക്കാരനാണ് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. അമൃത ടിവിയുടെ ക്യാമറമാന് അപ്രതീക്ഷിതമായ ആക്രമണത്തില്‍ മര്‍ദ്ദനമേറ്റു. അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ പിരിഞ്ഞുപോകണമെന്നും മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചയാള്‍ക്ക് എതിരെ പിന്നീട് നടപടിയെടുക്കാമെന്നുമാണ് പൊലീസ് പറയുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഇത് അംഗീകരിച്ചില്ല. പ്രതിഷേധം തുടരുകയാണ്. അതിനിടെ എം ശിവശങ്കറിനെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വിദഗ്ധ പരിശോധന ആവശ്യമാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് എം ശിവശങ്കറിനെ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എം ശിവശങ്കറിനെ പരിശോധിക്കുന്നുണ്ട്.
ഉച്ചക്ക് ശേഷമാണ് ആശുപത്രി മാറ്റത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ശിവശങ്കറിനെ പ്രവേശിപ്പിച്ച ബ്ലോക്കിന് സമീപത്തേക്ക് ആംബുലന്‍സ് എത്തിച്ചു. പിന്നീട് നടപടി ക്രമങ്ങള്‍ ബാക്കിയാണെന്ന് അറിയിച്ച് വാഹനം മാറ്റിയിട്ടു. തുടര്‍ന്ന് രണ്ടേകാലിന് ശേഷമാണ് എം ശിവശങ്കറിനെ പുറത്തെത്തിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചു.
രാവിലെ ആന്‍ജിയോഗ്രാം പൂര്‍ത്തിയാക്കിയ ശിവശങ്കറിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. എന്നാല്‍ നട്ടെല്ലിന് വേദനയുണ്ടെന്ന് എം ശിവശങ്കര്‍ പറയുന്നുണ്ട്. ഇതില്‍ വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടത്.
ആന്‍ജിയോഗ്രാമില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇസിജിയില്‍ നേരിയ വ്യത്യാസം ഉണ്ട്. രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാണ്. എംആര്‌ഐ സ്‌കാന്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
രാവിലെ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എം ശിവശങ്കറിനെ പ്രവേശിപ്പിച്ച കരമനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിയിരുന്നു. വിദഗ്ധ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കണമെന്നും ഇതിനായി എം ശിവശങ്കറിനെ ആശുപത്രി മാറ്റണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൂടി നിര്‍ദ്ദേശമായിരുന്നു.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് എം ശിവശങ്കനെ കരമനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കസ്റ്റംസ് വാഹനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവരുടെ വാഹനത്തിലാണ് ശിവശങ്കറിനെ ആശുപത്രിയിലാക്കിയത്. കാര്‍ഡിയാക് ഐസിയുവില്‍ പ്രവേശിപ്പിച്ച എം ശിവശങ്കറിന് ആന്‍ജിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി നില തൃപ്തികരമെന്ന് വിലയിരുത്തിയിരുന്നു.

Related Articles

Back to top button