ന്യൂഡല്‍ഹി: രണ്ടാഴ്ച പിന്നിട്ട പ്രക്ഷോഭത്തിനു പരിഹാരം തേടി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച 7 വാഗ്ദാനങ്ങളും കര്‍ഷകര്‍ തള്ളിയതിനു പിന്നാലെ കര്‍ഷകരെ അപമാനിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യവിതരണമന്ത്രി റോസാഹബ് പാട്ടില്‍ ദന്‍വേ രംഗത്ത്. കര്‍ഷക പ്രതിഷേധത്തിനു പിന്നില്‍ ചൈനയും പാക്കിസ്ഥാനുമാണെന്ന ദന്‍വേയുടെ പ്രസ്താവന വിവാദമായി.
കാര്‍ഷിക സമരത്തിനു പിന്നില്‍ വൈദേശിക ശക്തികള്‍ ഉണ്ടെന്നു കേന്ദ്രമന്ത്രി തന്നെ ഉറപ്പിച്ചു പറയുന്ന സാഹചര്യത്തില്‍ ഉടന്‍ തന്നെ ചൈനയ്ക്കും പാക്കിസ്ഥാനും എതിരെ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ നടത്താന്‍ പ്രതിരോധമന്ത്രി തയാറാകണമെന്നും ശിവസേന എംപി സഞ്ജയ് റാവുത്ത് പരിഹസിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, സൈനിക മേധാവികള്‍ എന്നിവര്‍ ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമെന്നാണ് പ്രതീക്ഷ– സഞ്ജയ് റാവുത്ത് പരിഹാസം ചൊരിഞ്ഞു.
പ്രതിഷേധിക്കുന്നവരെ ദേശവിരുദ്ധരും അരാജകവാദികളുമായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്നു ഡല്‍ഹി ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) പ്രതികരിച്ചു. രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും നിലനില്‍പ്പിനും വേണ്ടിയും ഓരോ നിമിഷവും പൊരുതുന്ന പോരാളികളാണ് കര്‍ഷകരെന്നും ദേശവിരുദ്ധരായി ചിത്രീകരിക്കാനുള്ള നീക്കം വിലപോകില്ലെന്നും ഡിഎസ്ജിഎംസി പ്രസിഡന്റ് എസ്. മജിന്ദര്‍ സിങ് സിര്‍സ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഇത്തരമൊരു പരമാര്‍ശം അങ്ങേയറ്റം അപമാനമുണ്ടാക്കുന്നതാണ്. മന്ത്രിമാരും ഭരണപക്ഷ നേതാക്കളും കര്‍ഷകരെ അപമാനിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന കൃഷിമന്ത്രി ജെ.പി. ദലാലും സമാനമായ ആരോപണം ഉയര്‍ത്തിയിരുന്നു. വൈദേശിക ശക്തികള്‍ ഇന്ത്യയുടെ സ്ഥിരത തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു കര്‍ഷക സമരത്തെ ഉന്നമിട്ട് ഹരിയാന കൃഷിമന്ത്രിയുടെ പരാമര്‍ശം.
വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചു വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ഇന്നു വീണ്ടും വിളിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് കര്‍ഷക നേതാക്കളുടെ തീരുമാനം. എത്രയും വേഗം ഡല്‍ഹി അതിര്‍ത്തിയിലെത്താന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരോടു സംഘടനകള്‍ ആഹ്വാനം ചെയ്തു.
ഡല്‍ഹി വളഞ്ഞ് 4 ലക്ഷം പേരെ അണിനിരത്താനാണു നീക്കം. ഡല്‍ഹിയിലേക്കുള്ള എല്ലാ വഴികളും തടയും. മറ്റന്നാള്‍ ഉത്തരേന്ത്യയിലെ ടോള്‍ ബൂത്തുകള്‍ വളയുമെന്നും ടോള്‍ പിരിവു തടയുമെന്നും കര്‍ഷക നേതാവ് ശിവകുമാര്‍ കക്കാജി അറിയിച്ചു. ഡല്‍ഹി – ജയ്പുര്‍, ഡല്‍ഹി– ആഗ്ര പാതകള്‍ ഉപരോധിക്കും. 14നു കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണ നടത്തും.