ഫോക്സ്വാഗന് ഗ്രൂപ്പിലെ ചെക്ക് നിര്‍മാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യയ്ക്കായി അണിയിച്ചൊരുക്കുന്ന സ്പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിനു പേര് കുശക്. സംസ്കൃതത്തില്‍ രാജാവെന്നും ചക്രവര്‍ത്തിയെന്നുമൊക്കെ അര്‍ഥം വരുന്ന വാക്കില്‍ നിന്നാണു സ്കോഡ, വിഷന്‍ ഇന്‍ എന്ന പേരില്‍ വികസിപ്പിച്ച എസ് യു വിക്കുള്ള പേരു കണ്ടെത്തിയത്. ഹ്യുണ്ടേയ് ‘ക്രേറ്റ’യും കിയ ‘സെല്‍റ്റോസും’ എം ജി ഹെക്ടറും ടാറ്റ ഹാരിയറുമൊക്കെ അരങ്ങു വാഴുന്ന ഇടത്തരം എസ് യു വി വിപണിയില്‍ ആധിപത്യം നേടാന്‍ ഈ രാജാവിനു സാധിക്കുമെന്ന പ്രതീക്ഷയിലാണു സ്കോഡ.
വാഹന നിര്‍മാണത്തില്‍ ഒന്നേകാല്‍ നൂറ്റാണ്ടു നീളുന്ന പ്രൗഢ പാരമ്പര്യത്തിന്റെ പിന്‍ബലത്തോടെയാണു ‘കുശക്’ എത്തുന്നതെന്നാണു സ്കോഡയുടെ വാഗ്ദാനം. മിക്കവാറും മാാര്‍ച്ചില്‍ എത്തുമെന്നു കരുതുന്ന ‘കുശക്’ തൊട്ടു പിന്നാലെ വില്‍പ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. ഇന്ത്യയിലെ നവോത്ഥാനം ലക്ഷ്യമിട്ടു നടപ്പാക്കുന്ന ‘2.0 പ്രോജക്ടി’ന്റെ ഭാഗമായ ‘കുശക്കി’ന് അടിത്തറയാവുന്നത് ‘എം ക്യു ബി എ സീറോ — ഇന്‍’ പ്ലാറ്റ്ഫോമാണ്. പൂമ്പാറ്റയെ അനുസ്മരിപ്പിക്കുന്ന മുന്‍ ഗ്രില്ലും എല്‍ ഇ ഡി ഹെഡ്ലാംപും സ്കിഡ് പ്ലേറ്റും ഡയമണ്ട് കട്ട് അലോയ് വീലും റൂഫ് റെയിലുമൊക്കെയായിട്ടാവും ‘കുശക്കി’ന്റെ വരവ്.
എതിരാളികള്‍ ചില്ലറക്കാരല്ലാത്തതുകൊണ്ടുതന്നെ സൗകര്യങ്ങളിലോ സംവിധാനങ്ങളിലോ തെല്ലും വിട്ടുവീഴ്ച ചെയ്യാതെയാവും സ്കോഡ ‘കുശക്കി’നെ പടയ്ക്കിറക്കുക; ഫ്ളോട്ടിങ് ടച് ബേസ്ഡ് ഇന്‍ഫൊടെയ്ന്‍മെന്റ് സ്ക്രീന്‍, തുകല്‍ പൊതിഞ്ഞ സ്റ്റീയറിങ് വീല്‍, പൂര്‍ണമായും ഡിജിറ്റല്‍ ഡിസ്പ്ലേ തുടങ്ങിയവയൊക്കെ കാറില്‍ പ്രതീക്ഷിക്കാം.
അതേസമയം, ‘കുശക്കി’ന്റെ എന്ജിന് സംബന്ധിച്ച സൂചനയൊന്നും സ്കോഡ നല്‍കിയിട്ടില്ല. എങ്കിലും ഒരു ലീറ്റര്‍ ടര്‍ബോ, 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളോടെ എത്തുന്ന ‘കുശക്കി’ല്‍ ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഓട്ടമാറ്റിക് ഗീയര്ബോക്സുകളുമുണ്ടാവുമെന്നാണ് അനുമാനം.