BREAKINGNATIONAL

മധുരപലഹാരക്കടയില്‍ നിന്നും 30 മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി, പിന്നാലെ സ്ഥലത്തിന്റെ പേര് മാറ്റി; കോബ്ര കോളനി

പാമ്പുകളില്‍ ഉഗ്രവിഷമുള്ള പാമ്പുകളാണ് ഇന്ത്യയില്‍ സാധാരണ കണ്ട് വരുന്ന മൂര്‍ഖന്‍ പാമ്പുകള്‍. എന്നാല്‍ ഒരു സ്ഥലത്ത് നിന്നും കൂടിപ്പോയാല്‍ രണ്ട് പാമ്പുകളെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതെങ്കില്‍ ആ കണക്കുകളെ കാറ്റില്‍ പറത്തുന്ന ഒരു പാമ്പു പിടിത്തം ബീഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലെ ബസ്ബരി ഹാത്തിലെ ഒരു മധുരപലഹാര കടയില്‍ നിന്നും കണ്ടെത്തി. ഒന്നും രണ്ടുമല്ല, 30 മൂര്‍ഖന്‍ പാമ്പുകളെയാണ് മധുരപലഹാര കടയില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയത്, ഇത്രയേറെ പാമ്പുകളെ പിടികൂടിയതിന് പിന്നാലെ നാട്ടുകാര്‍ പ്രദേശത്തിന്റെ പേര് ‘കോബ്രാ കോളനി’ എന്ന് മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡാര്‍ജിലിംഗിന് സമാനമായ കാലാവസ്ഥയ്ക്ക് പേരുകേട്ട സ്ഥലമാണ് ബഹദുര്‍ഗഞ്ച് ബ്ലോക്ക്. ശാന്തസുന്ദരമായ കാലാവസ്ഥ. പക്ഷേ, മഴ തുടങ്ങിയപ്പോള്‍ മുതല്‍ ഭീതി പരത്തുന്നതായി. പ്രത്യേകിച്ചും മൂര്‍ഖന്‍ പാമ്പുകളെ കണ്ടെത്തിയ വാര്‍ത്ത കൂടി പുറത്ത് വന്നതോടെ. ബസ്ബരി ഹാത്തിലെ കൈസറിന്റെ ഉടമസ്ഥതയിലുള്ള മധുരപലഹാരക്കടയില്‍ മൂന്നാല് പാമ്പുകളെയാണ് ആദ്യം കണ്ടത്. പിന്നാലെയാണ് കടയില്‍ കൂടുതല്‍ പാമ്പുകളുണ്ടെന്ന് മനസിലായത്. ഇതോടെ വനം വകുപ്പിനെ വിവരമറിയിക്കുകയും നാട്ടിലുള്ള എല്ലാ പാമ്പു പിടിത്തക്കാരെയും വിളിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പാമ്പു പിടിത്തക്കാര്‍ മൂന്നോ നാലോ മണിക്കൂറൊളം പരിശ്രമിച്ചാണ് 30 ഓളം പാമ്പുകളെയും പിടികൂടിയത്. പിടികൂടിയ പാമ്പുകളെ അപ്പോള്‍ തന്നെ പ്ലാസ്റ്റിക് ബാഗുകളിലേക്ക് മാറ്റി. ആര്‍ക്കും പരിക്കോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മധുരപലഹാരക്കടയില്‍ ഇത്രയേറെ മൂര്‍ഖന്‍ പാമ്പുകള്‍ കയറാന്‍ സാധ്യതയില്ലെന്നും ശക്തമായ മഴയെ തുടര്‍ന്നായിരിക്കാം ഇവ കടയിലേക്ക് കയറിയതെന്ന് കരുതുന്നതായും പാമ്പുകളെ പിടികൂടാനെത്തിയ ഒരു പാമ്പ് പിടിത്തക്കാരന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അസാധാരണമായ സംഭവത്തെ തുടര്‍ന്ന് പാമ്പുകളെ കണ്ടെത്തിയാല്‍ അധികാരികളെ അറിയിക്കാനും പാമ്പുകടിയേറ്റാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സതേടാനും അധികാരികള്‍ നാട്ടുകാരോട് പറഞ്ഞു.

Related Articles

Back to top button