BREAKING NEWSKERALALATEST

പാമ്പിനെ പിടിക്കാന്‍ 827 പാമ്പുരക്ഷകര്‍ തയ്യാര്‍

കൊച്ചി: ശാസ്ത്രീയമായി പാമ്പുകളെ പിടികൂടാന്‍ കേരളത്തില്‍ ഇനി 827 അംഗീകൃത പാമ്പുരക്ഷകര്‍. മനുഷ്യവാസകേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ പിടികൂടുക മാത്രമല്ല, സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് അവയെ എത്തിക്കുകകൂടി ഇവരുടെ ഉത്തരവാദിത്വമാണ്. വനംവകുപ്പിനുകീഴില്‍ പരിശീലനം സിദ്ധിച്ച ഇവരില്‍ വനംവകുപ്പ് ജീവനക്കാരും അതത് പ്രദേശങ്ങളിലെ സന്നദ്ധപ്രവര്‍ത്തകരുമുണ്ട്. സ്ത്രീകളടക്കമാണ് ഓരോ ജില്ലയിലും നിശ്ചിത എണ്ണം പാമ്പുരക്ഷകരുള്ളത്. ഏറ്റവുംകൂടുതല്‍പേര്‍ മലപ്പുറത്തും (134) കുറവ് ആലപ്പുഴയിലുമാണ് (15). ഇതില്‍ 280 പേര്‍ വനംവകുപ്പ് ജീവനക്കാരാണ്.
എല്ലാ ജില്ലകളിലുമായി 547 സന്നദ്ധപ്രവര്‍ത്തകരുണ്ട്.
അശാസ്ത്രീയമായ പാമ്പുപിടിത്തത്തിനും പാമ്പുകളെ ചിത്രീകരിക്കുന്നതിനുമെതിരേയും വനംവകുപ്പ് രംഗത്തെത്തി. പാമ്പുപിടിത്തവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന രണ്ട് മലയാളം ചാനലുകള്‍ക്ക് പരിപാടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് വനംവകുപ്പ് നോട്ടീസ് നല്‍കി. പാമ്പുകളെ ദൃശ്യമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നത് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് നോട്ടീസില്‍ പറയുന്നു. അന്താരാഷ്ട്ര ചാനലുകളായ ഡിസ്‌കവറി, നാഷണല്‍ ജിയോഗ്രാഫിക്, ആനിമല്‍ പ്ലാനറ്റ് എന്നിവയ്ക്ക് ഇത് ബാധകമാണോ എന്നതില്‍ വ്യക്തതയില്ല.
പാമ്പുകളെ പിടികൂടി പ്രശസ്തിക്കുവേണ്ടി ആളുകള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് വനംവകുപ്പിന്റെ ഉത്തരവ്. പാമ്പുകളെ പിടികൂടുന്നതും ദൃശ്യമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നതും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് നോട്ടീസില്‍ പറയുന്നു.
പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ കൂടിയതായി വനംവകുപ്പ് അധികൃതര്‍ പറയുന്നു.

Related Articles

Back to top button