BREAKINGKERALA

എസ്എന്‍ഡിപി യോഗം പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ആണെന്ന ഉത്തരവിന് സ്റ്റേ; വെള്ളാപ്പള്ളിയുടെ ഹര്‍ജിയില്‍ നോട്ടീസ്

llapന്യൂഡല്‍ഹി: എസ്.എന്‍.ഡി.പി യോഗം പൊതു ട്രസ്റ്റാണെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേചെയ്തു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. എസ്.എന്‍.ഡി.പി യോഗവും വെള്ളാപ്പള്ളി നടേശനും നല്‍കിയ ഹര്‍ജിലാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രജിസ്റ്റര്‍ചെയ്തിരുന്ന അരുവിപ്പുറം ക്ഷേത്ര യോഗത്തിന്റെ തുടര്‍ച്ചയാണ് എസ്.എന്‍.ഡി.പി യോഗം എന്നായിരുന്നു വിചാരണക്കോടതിയും ഹൈക്കോടതിയും വിധിച്ചിരുന്നത്. അതിനാല്‍, എസ്.എന്‍.ഡി.പി യോഗവും പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റാണെന്നും ഇരു കോടതികളും വിധിച്ചിരുന്നു. പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിയമാവലി പ്രകാരമുള്ള സ്‌കീം തയ്യാറാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഈ ഉത്തരവ് ചോദ്യംചെയ്തതാണ് എസ്.എന്‍.ഡി.പി യോഗവും വെള്ളാപ്പള്ളി നടേശനും സുപ്രീംകോടതിയെ സമീപിച്ചത്. ശ്രീനാരായണഗുരു സ്ഥാപിച്ച അരുവിപ്പുറം ക്ഷേത്രയോഗത്തിന്റെ തുടര്‍ച്ചയാണ് എസ്.എന്‍.ഡി.പി യോഗം എന്ന് തെളിയിക്കാനുള്ള ഒരു രേഖയും ഇല്ലാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ഗിരിയും അഭിഭാഷകന്‍ റോയ് ഏബ്രഹാമും വാദിച്ചു. അതേസമയം, 1903-ല്‍ ഇന്ത്യന്‍ കമ്പനി നിയമപ്രകാരം എസ്.എന്‍.ഡി.പി യോഗം രജിസ്റ്റര്‍ ചെയ്തതിന് തെളിവുകളും രേഖകളും ഉണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
വിഷയം വിശദമായി കേള്‍ക്കേണ്ടതാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും എതിര്‍ കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തത്. കേസിലെ എതിര്‍കക്ഷികള്‍ക്കുവേണ്ടി അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ് ഹാജരായി. സ്റ്റേ ഉത്തരവ് പുറപ്പടുവിക്കുന്നതിനെ അഭിലാഷ് ശക്തമായി എതിര്‍ത്തു.
എസ്.എന്‍.ഡി.പി യോഗത്തിന്റെ ചരിത്രം സംബന്ധിച്ച് മുന്‍ സെക്രട്ടറി വേലായുധന്‍ എഴുതിയ പുസ്തകത്തില്‍ പൊതുജനങ്ങളില്‍നിന്ന് സംഭാവന പിരിച്ച് ട്രസ്റ്റ് ആയാണ് രജിസ്റ്റര്‍ ചെയ്തതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് എതിര്‍ കക്ഷികളുടെ വാദം. പിന്നീട് കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ട്രസ്റ്റിന്റെ സ്വഭാവത്തില്‍ മാറ്റമില്ലെന്നും എതിര്‍കക്ഷികള്‍ വാദിക്കുന്നു.

Related Articles

Back to top button