ന്യൂഡല്‍ഹി: ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് സ്വന്തം പുസ്തകത്തിന്റെ ആദ്യ കോപ്പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്കി പ്രകാശനം ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്ത്രീപക്ഷ നയങ്ങളെയും നടപടികളെയും കുറിച്ചാണ് പുസ്തകം. മോദി ഞായറാഴ്ച കേരളത്തില്‍ എത്താനിരിക്കെയാണ് ശോഭാ സുരേന്ദ്രന്റെ സന്ദര്‍ശനവും ചര്‍ച്ചയും പുസ്തക പ്രകാശനവും എന്നത് ശ്രദ്ധേയമായി.
ശോഭയുടെ വാക്കുകളിലൂടെ: ‘നരേന്ദ്ര മോദി: ജനപക്ഷത്തിലെ സ്ത്രീപക്ഷം’ എന്ന പുസ്തകം കൊവിഡ് കാലത്തെ ഇടവേളയില്‍ എഴുതിയ മൂന്നു പുസ്തകങ്ങളില്‍ ആദ്യത്തേതാണ്. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ, മോദി ജിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് പ്രതിസന്ധിയെ അവസരമാക്കി മാറ്റുകയാണു ചെയ്തത്. മോദി സര്‍ക്കാരിന്റെ ആറു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ സ്ത്രീകള്‍ക്കു വേണ്ടി നടപ്പാക്കിയ നയങ്ങളും തീരുമാനങ്ങളും സ്വതന്ത്ര ഇന്ത്യ ഇതുവരെ ഇക്കാര്യത്തില്‍ ചെയ്തതിലും പല ഇരട്ടിയാണ്. അവയുടെ രാഷട്രീയവും സാമൂഹികവും സാമ്പത്തികവും നീതി പരവുമായ ദര്‍ശനങ്ങള്‍ കേരളത്തിന് മുന്നില്‍ അക്കമിട്ടു നിരത്താന്‍ കഴിഞ്ഞു. ഇനി വൈകാതെ ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണം എന്ന് ആഗ്രഹിക്കുന്നു.
സത്യത്തില്‍ പേടി വിറച്ചാണ് ഞാന്‍ മോദി ജിയെക്കുറിച്ച് ഒരു പുസ്തകം എഴുതിത്തുടങ്ങിയത്.രാജ്യവും ലോകവും ഏറെ ആദരിക്കുന്ന നമ്മുടെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ജനപക്ഷത്തിലെ സ്ത്രീപക്ഷത്തെയും കുറിച്ച് എഴുതുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണം എന്നതാണു കാരണം. പക്ഷേ, പോകെപ്പോകെ സര്വ്വേശ്വരന് എന്നെക്കൊണ്ട് എഴുതിക്കുക തന്നെ ആയിരുന്നു; ഞാനുള്‍പ്പെടുന്ന സ്ത്രീസമൂഹത്തിന് മോദി ജിയും അദ്ദേഹത്തിന്റെ സര്‍ക്കാരുകളും നല്കിയ, നല്കിക്കൊണ്ടിരിക്കുന്ന പരിഗണന, കരുതല്‍, ജാഗ്രത തുടങ്ങിയതെല്ലാം എല്ലാ വിശദാംശങ്ങളോടെയും വിരല്‍ത്തുമ്പില്‍ വന്നു.
ഇനിയും ഏറെ എഴുതാനുണ്ട് എന്ന തിരിച്ചറിവോടെ തന്നെയാണ് എഴുത്ത് നിര്‍ത്തിയതും അച്ചടിക്കയച്ചതും. അത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താനും ആദ്യ പുസ്തകത്തിന്റെ പരിമിതികള്‍ മറികടക്കാനും ഇംഗ്ലീഷ് പതിപ്പിലും മറ്റു രണ്ടു പുസ്തകങ്ങളിലും ശ്രമിക്കുകയാണ്. അമിത്ഷാ ജിയുടെ രാഷ്ട്രീയ ജീവിതവും യോഗി ആദിത്യനാഥ് ജിയുടെ ജൈത്രയാത്രയുമാണ് മറ്റു പുസ്തങ്ങളില്‍.
ആദ്യ പുസ്തകത്തിന്റെ ആദ്യ പ്രതി ആദരണീയനായ മോദിജിക്കു നല്കാന് കഴിഞ്ഞതിന്റെ അഭിമാനത്തിലും ആഹ്ലാദത്തിലും മനസ്സ് നിറഞ്ഞിരിക്കുന്നു…. ശോഭ പറയുന്നു.