ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നിയമമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സ്വയം നിയന്ത്രണ ബോര്‍ഡുകള്‍ പോലുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും നിയമന്ത്രി രവി ശങ്കര്‍ പ്രസാദും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എന്നിവ പരാതി ലഭിച്ച് 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പ്രകോപനപരമായ പോസ്റ്റുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നും നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതും വിലക്കി. ‘ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും’ ബാധിക്കുന്നതും ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നതുമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള കോഡ് ഓഫ് എത്തിക്സ് കൊണ്ടുവന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തോടെയാണ് കോഡ് ഓഫ് എത്തിക്സ് രൂപപ്പെടുത്തിയതും നടപ്പിലാക്കുന്നതും.
കോടതികള്‍, സര്‍ക്കാര്‍ എന്നിവരില്‍ ആരുടെയെങ്കിലും നിര്‍ദേശം ലഭിച്ചാല്‍ സന്ദേശം ആദ്യം അയച്ച ആളുടെ വിശദാംശങ്ങള്‍ സോഷ്യല്‍മീഡിയ സൈറ്റുകള്‍ പുറത്തുവിടണം. വാട്ട്സ്ആപ്പ്, സിഗ്നല്‍ എന്നിവ പോലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമുകളില്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ വിരുദ്ധമായ പ്രമുഖ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള നിയമങ്ങളും നിര്‍ബന്ധമാക്കുന്നുണ്ട്.
പ്രതിരോധ, വിദേശകാര്യ, ആഭ്യന്തര, ഐ & ബി, നിയമം, ഐടി, വനിത, ശിശു വികസന മന്ത്രാലയങ്ങളുടെ പ്രതിനിധികളുള്ള ഒരു സമിതിയെ മേല്‍നോട്ട സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. ഈ കമ്മിറ്റിക്ക് ആവശ്യമെങ്കില്‍ എത്തിക്സ് കോഡ് ലംഘിച്ചതായി പരാതികള്‍ പരിഗണിക്കാന്‍ അവകാശം ഉണ്ടായിരിക്കും. നിയമലംഘകര്‍ക്ക് മുന്നറിയിപ്പ് നല്‍കാനോ കുറ്റപ്പെടുത്താനോ ശാസിക്കാനോ മറ്റ് നടപടികള്‍ക്ക് പുറമെ മാപ്പ് ചോദിക്കാനോ കഴിയും. മറ്റ് ഡിജിറ്റല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഈ നിയമങ്ങള്‍ ബാധകമാകുമെന്ന് കരട് നിര്‍ദ്ദേശത്തില്‍ പറയുന്നു. ‘ഒരു പ്രസാധകന് ഇന്ത്യയുടെ ബഹുവംശബഹുമത പശ്ചാത്തലം കണക്കിലെടുക്കുകയും ഏതെങ്കിലും വംശീയ അല്ലെങ്കില്‍ മതവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍ അല്ലെങ്കില്‍ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുമ്പോള്‍ ജാഗ്രതയോടെയും വിവേചനാധികാരത്തോടെയും പ്രവര്‍ത്തിക്കുകയും വേണം,’ കരട് നിയമങ്ങള്‍ പറയുന്നു.
പുതിയ വെബ്സൈറ്റുകള്‍, ഒടിടി പ്ലാറ്റ്ഫോം എന്നിവയ്ക്ക് അടിസ്ഥാനപരമായ കോഡ് ഓഫ് എത്തിക്സ് കൊണ്ടുവരികയും പരാതി പരിഹരിക്കുന്നതിന് പ്രത്യേക ചട്ടക്കൂട് ഉണ്ടാക്കുകയുമാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നതിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുകയാണ് നിയമം കൊണ്ടുവരുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ത്രിതല നിയന്ത്രണ സംവിധാനമുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. 13+ 16+ 18+ എന്നിങ്ങനെ ഉള്ളടക്കത്തെ വേര്‍തിരിക്കണമെന്നു കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നു. അതേ സമയം ഒടിടി പ്ലാറ്റ്ഫോമുകളും ഡിജിറ്റല്‍ മാധ്യമങ്ങളും അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ നടപ്പിലാക്കാന്‍ പോകുന്നത് നിര്‍ബന്ധിത രജിസ്ട്രേഷനല്ല, വിവരങ്ങള്‍ അന്വേഷിക്കുക മാത്രമാണെന്നാണ് സര്‍ക്കാരിന്റെ വാദം. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.