BREAKINGKERALA

ചെമ്പഴന്തി സഹകരണ സംഘം: ക്രമക്കേട് നടത്തിയത് പ്രസിഡന്റും ഭാര്യയും ചേര്‍ന്നെന്ന് ഓഡിറ്റ് വിവരങ്ങള്‍

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികള്‍ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടില്‍ സംഘം പ്രസിഡന്റ് അണിയൂര്‍ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന് തെളിയിക്കുന്ന ഓഡിറ്റ് വിവരങ്ങള്‍ പുറത്ത്. സഹകരണ സംഘത്തിന്റെ ചിട്ടിയില്‍ വലിയ ക്രമക്കേടുകളാണ് നടന്നത്. ചിട്ടി കുടിശ്ശിക വരുത്തിയ ആള്‍ക്ക് അതിന്റെ പലിശ ഈടാക്കാതെ അടച്ചുതീര്‍ക്കാന്‍ അവസരമൊരുക്കിയതായാണ് കണ്ടെത്തല്‍. അംബിക ദേവി ഓഡിറ്റ് നടക്കുന്ന സമയം മുതല്‍ ഭരണസമിതി അംഗമാണ്.
കുടിശ്ശികയുണ്ടായ ആള്‍ക്ക് ഉണ്ടായിരുന്ന സ്ഥിരനിക്ഷേപം പിന്‍വലിച്ച സമയത്ത് അതിന് 11 ശതമാനം പലിശ കൊടുത്ത് സംഘത്തിന് നഷ്ടമുണ്ടാക്കിയതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ചിട്ടി കുടിശ്ശിക വരുത്തിയ ആള്‍ സ്ഥിര നിക്ഷേപം ഈടായി വെച്ചിരുന്നതാണ്. എന്നാല്‍, അയാള്‍ക്ക് സ്ഥിരനിക്ഷേപം പലിശസഹിതം പിന്‍വലിക്കാന്‍ അവസരമൊരുക്കുകയും അതുപയോഗിച്ച് കുടിശ്ശികയില്ലാതെ ചിട്ടി അടച്ചുതീര്‍ക്കാന്‍ അവസരമൊരുക്കി കൊടുക്കുകയും ചെയ്തു.
ഇതേ ആള്‍ത്തന്നെ ചിട്ടി പൂര്‍ത്തിയായപ്പോള്‍ ആ പണം പലിശസഹിതം വാങ്ങുകയും ചെയ്തു. ഈ ക്രമക്കേട് സഹകരണ സംഘം പ്രസിഡന്റായ ജയകുമാറിന്റെ അറിവോടും സമ്മതത്തോടുമായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഓഡിറ്റില്‍ കണ്ടെത്തിയത്. ഇതുപോലെ പലര്‍ക്കും ചിട്ടിയില്‍ ക്രമക്കേടിന് അനുവാദം നല്‍കിയിട്ടുണ്ട്. സി ക്ലാസ് മെമ്പര്‍മാര്‍ക്ക് മാത്രമേ സംഘത്തില്‍ ചിട്ടിയില്‍ ചേരാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ അല്ലാത്തവര്‍ക്കും ചിട്ടിയില്‍ ചേരാനും ക്രമക്കേട് നടത്താനും അനുവാദം നല്‍കിയെന്നാണ് കണ്ടെത്തല്‍. അംഗമല്ലാത്തവരുടെ പേരില്‍ ചിട്ടി ചേര്‍ന്നതും പിടിച്ചതും യഥാര്‍ഥ ആളുകളാണോ എന്ന കാര്യത്തിലും വ്യക്തതക്കുറവുണ്ട്.
സംഘം നടത്തിവരുന്ന പല ചിട്ടികളിലും മുടങ്ങിക്കിടക്കുന്നവയില്‍ വരവും ചിലവും രേഖപ്പെടുത്തി കണക്ക് അവസാനിപ്പിക്കുന്ന ദിവസങ്ങളില്‍ സംഘം പ്രസിഡന്റ് ജയകുമാറിന്റെ അക്കൗണ്ടിലേക്ക് പണം വരവുവെച്ചതായി രേഖകളുണ്ട്. ഇത്തരത്തില്‍ ബോഗസ് എന്‍ട്രി നടത്തുന്ന ചിട്ടി അക്കൗണ്ടുകള്‍ക്ക് പലതിനും അഡ്രസ്സോ അപേക്ഷാ രേഖകളോ ജാമ്യ-കടപ്പത്ര വിവരങ്ങളോ സൂക്ഷിച്ചിട്ടില്ല.
ജയകുമാറിന്റെ ഭാര്യ അംബികാ ദേവിയുടെ അക്കൗണ്ട് പരിശോധിച്ചപ്പോഴും സമാനമായ ക്രമക്കേടുകള്‍ കണ്ടെത്തി. മറ്റൊരു അംഗത്തിന്റെ അക്കൗണ്ട് വരവും ചെലവും രേഖപ്പെടുത്തി കണക്ക് അവസാനിപ്പിക്കവേ ഇയാളുടെ അക്കൗണ്ടില്‍നിന്ന് അംബികാ ദേവിയുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്. ഇത് ക്രമക്കേട് നടന്നുവെന്നതിന്റെ തെളിവാണ്.
ചിട്ടിപിടിച്ചവര്‍ ആ തുക പൂര്‍ണമായും അടച്ചുതീര്‍ക്കാതിരുന്നിട്ടുപോലും അത്തരക്കാരുടെ യാതൊരു വിവരങ്ങളും ലഡ്ജറിലോ രേഖകളിലോ ഇല്ലെന്ന് കണ്ടെത്തയിട്ടുണ്ട്. ഇങ്ങനെ സുരേഷ് അണിയൂര്‍ എന്നയാള്‍ 1,79,765 രൂപ അംബികാ ദേവിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. ഇത് ചിട്ടിപിടിച്ച തുകയാണെന്ന് രേഖകളില്‍നിന്ന് വ്യക്തമാണ്. എന്നാല്‍, ഇയാള്‍ ഓഡിറ്റ് കാലയളവില്‍ പിന്നീടൊരിക്കലും ചിട്ടിക്കുടിശ്ശിക അടച്ച് തീര്‍ത്തിട്ടില്ല. ഇയാളുടെ വിവരങ്ങള്‍ രേഖകളിലുമില്ല.
അതേസമയം, സുരേഷിന്റെ കൈയില്‍നിന്ന് വന്ന തുക ഉപയോഗിച്ച് ജയകുമാറിന്റെ അളിയന്‍ രാമചന്ദ്രന്‍ നായരുടെ വായ്പ അംബികാ ദേവി അടച്ചുതീര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് നിക്ഷേപകരില്‍നിന്ന് ലഭിച്ച പണം ജയകുമാറും ഭാര്യയും ചേര്‍ന്ന് വകമാറ്റി ഉപയോഗിച്ചുവെന്ന് വ്യക്തമാണ്. അംബിക സഹകരണ സംഘത്തിന്റെ ഭരണസമിതി അംഗം കൂടിയാണ് എന്നത് ക്രമക്കേടിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

Related Articles

Back to top button