തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ സോളാര്‍ വിവാദം കത്തിപ്പടരുമ്പോള്‍ പരാതിക്കാരി താമസിച്ചത് തിരുവനന്തപുരത്ത് ബിനീഷ് കോടിയേരിയുടെ ബിനാമി ബിസിനസ് പങ്കാളിയുടെ വീട്ടില്‍. ബിനാമി ബിസിനസ് പങ്കാളിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആരോപിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുല്‍ ലത്തീഫിന്റെ മുട്ടടയിലുള്ള ഒരു വീട്ടിലായിരുന്നു ഇവരുടെ താമസം.
ഈ പരാതിക്കാരിയുടെ മൊഴി വീണ്ടും പുറത്തു വരാനിരിക്കെയാണ് അണിയറക്കഥകള്‍ വെളിപ്പെട്ടത്. ഇഡിയുടെ അന്വേഷണങ്ങളില്‍ ഇക്കാര്യവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബിനീഷുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ലത്തീഫിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു.
നെടുമങ്ങാട്ടുള്ള വ്യക്തിയില്‍ നിന്ന് ലത്തീഫ് വാങ്ങിയതാണ് ഈ വീട്. താമസം ഒരുക്കിയതിനു പിന്നില്‍ ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു. ഒരു എംഎല്‍എയുടെ താല്പര്യത്തിലായിരുന്നു എല്ലാ ക്രമീകരണങ്ങളും. ഇടതുമുന്നണിയുടെ 2 ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പെട്ട ചര്‍ച്ചകളും ഇതിനായി നടന്നു.