കൊല്ലം : പ്രശസ്ത ഗായകന് സോമദാസ് അന്തരിച്ചു . പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസ് അന്തരിച്ചത്. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സോമദാസ്. സ്റ്റാര്‍ സിങര്‍, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിലാണ് സോമദാസ് തിളങ്ങിയത്. 2008ലാണ് സോമദാസ് സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുത്തത്. വിജയിക്കാനായില്ലെങ്കിലും, പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ഥിയാകാന്‍ അദ്ദേഹത്തിന് സാധിച്ചു.
അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവന്‍ മണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സോമദാസിന് സിനിമയില്‍ അവസരം ലഭിച്ചത്.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും സ്റ്റേജ് ഷോകളിലൂടെ സോമദാസ് ശ്രദ്ധേയനായിരുന്നു. വിദേശത്തു നിരവധി സ്റ്റേജ് ഷോകളില്‍ പാടാനും സോമദാസിന് അവസരം ലഭിച്ചിട്ടുണ്ട്. ബിഗ് ബോസ് 2020 സീസണിലാണ് സോമദാസ് മത്സരാര്‍ഥിയായി എത്തിയത്. അന്ന് രാജിനി ചാണ്ടി, സുജോ മാത്യൂ, ആര്‍ജെ രഘു, രേഷ്മ രാജന് എന്നിവര്‍ സഹ മത്സരാര്‍ഥികളായിരുന്നു.
കൊല്ലം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എസ്.എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു സോമദാസിന്റെ വിദ്യാഭ്യാസം. വിവാഹിതനാണെങ്കിലും കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് പിന്നീട് വിവാഹ മോചനം നേടി. രണ്ടു മക്കളുണ്ട്.