ENTERTAINMENTLATESTTAMIL

സകലകലാവല്ലഭന്‍

വിവിധ ഭാഷകളില്‍ നാല്പതിനായിരത്തിലേറെ ഗാനങ്ങള്‍, നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്‌കാരങ്ങള്‍. ശാസ്ത്രീയ സംഗീതത്തില്‍ കാര്യമായ പരിശീലനമൊന്നും നേടാതെ നാല് പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമാസംഗീത രംഗത്ത് നിറഞ്ഞുനിന്ന മഹാപ്രതിഭ, അതാണ് എസ്.പി.ബിയെന്ന ചുരുക്കപേരില്‍ സംഗീതപ്രേമികള്‍ സ്‌നേഹത്തോടെ വിളിച്ച എസ്.പി ബാലസുബ്രഹ്മണ്യം.
അനന്തപൂരിലെ ജെ.എന്‍.ടി.യുവിലെ വിദ്യാര്‍ഥിയായിരുന്നു എസ്.പി.ബി. എന്നാല്‍ ടൈഫോയിഡ് പിടിപെട്ടതിനാല്‍ അദ്ദേഹം എഞ്ചിനീയറിങ് പഠനം അവസാനിപ്പിച്ചു. പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സില്‍ പ്രവേശനം നേടി. പക്ഷേ അപ്പോഴൊക്കെയും സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൊണ്ടുനടന്നിരുന്നു. പല മത്സരങ്ങളില്‍ നല്ല ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 40000ത്തോളം ഗാനങ്ങള്‍ പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിന്റെ റെക്കോഡും സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ സിനിമാഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് ലോകറെകോര്‍ഡ് എസ്.പി.ബി ക്ക് സ്വന്തമാണ്. ഈ റെക്കോഡ് സ്വന്തമാക്കിയ ഗായിക ലതാ മങ്കേഷ്‌കറാണ്. ഇന്ത്യയിലെ പ്രശസ്തരായ ഒട്ടുമിക്ക സംഗീതസംവിധായകരും എസ്.പി.ബിയെ കൊണ്ട് പാടിച്ചിട്ടുണ്ട്.
ഒരു ദിവസം ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോഡിങ്ങിനായി പാടിയ റെക്കോഡും എസ്.പി.ബിയ്ക്ക് സ്വന്തം. കന്നട സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിന് വേണ്ടി അദ്ദേഹം 12 മണിക്കൂറുകള്‍ കൊണ്ട് പാടി റെക്കോഡ് ചെയ്തത് 21 ഗാനങ്ങള്‍. തമിഴ് സിനിമയ്ക്ക് വേണ്ടി ഒരു ദിവസം 19 ഗാനങ്ങളും തെലുങ്ക് സിനിമയ്ക്ക് വേണ്ടി 16 പാട്ടുകളും അദ്ദേഹം അങ്ങനെ റെക്കോഡ് ചെയ്തിട്ടുണ്ട്.
നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്‌കാരം ലഭിച്ചു. ഗായകരില്‍ യേശുദാസാണ് ദേശീയ പുരസ്‌കാര പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എട്ട് പുരസ്‌കാരങ്ങളാണ് അദ്ദേഹം നേടിയത്. ഗായിക ചിത്രയും ആറ് പുരസ്‌കാരങ്ങള്‍ നേടി എസ്.പി.ബിയ്‌ക്കൊപ്പം നില്‍ക്കുന്നു. മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ നന്ദി അവാര്‍ഡ് എസ്.പി.ബി 24 വട്ടം നേടി.
ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ബഹുമതിയും എസ്പി.ബിക്കു തന്നെ. തെലുഗു, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. തമിഴ്, കന്നഡ, തെലുഗു, ഇംഗ്ലിഷ് ഭാഷകള്‍ സംസാരിക്കുന്ന ഇദ്ദേഹം മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. പാടിയഭിനയിച്ച വേഷങ്ങളും ഒട്ടേറെ. കേളടി കണ്‍മണിയിലെ ‘മണ്ണില്‍ ഇന്തകാതല്‍…’ എന്ന അതിശയഗാനം എന്നിവയാണവ.
ഹിന്ദിയിലും ഇദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്. രജനീകാന്ത്, കമല്‍ ഹാസന്‍, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, ഗിരീഷ് കര്‍ണാട്, ജമിനി ഗണേശന്‍, അര്‍ജുന്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയായിരുന്നു അവ. ഇതിനിടയില്‍ നാല് ഭാഷകളിലായി 46 സിനിമകള്‍ക്കു സംഗീതം നല്‍കുകയും തമിഴ്, തെലുങ്ക് സീരിയലുകളില്‍ അഭിനയിക്കുകയും ഒട്ടേറെ ടെലിവിഷന്‍ പരിപാടികളുടെ അവതാരകനായിരിക്കാനും റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവാവുകയും ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker