ENTERTAINMENTLATESTTAMIL

എസ്പിബി + ഇളയരാജ = 2000 പാട്ടുകള്‍

ഇന്ത്യന്‍ സംഗീത ലോകം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് ഇളയരാജ-എസ്പിബി സഖ്യം. 1960ല്‍ തുടങ്ങിയ കൂട്ടുകെട്ടില്‍ ബാലുവും രാജയും ചേര്‍ന്ന് വിവിധഭാഷകളിലായി 2,000 പാട്ടുകളാണ് സംഗീതലോകത്തിന് സംഭാവന ചെയ്തത്. ഒടുവില്‍ ഈ കഴിഞ്ഞ മെയ് മാസത്തിലും അവര്‍ പാട്ടിനായി ഒന്നിച്ചു.
കൊവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് ഒരുക്കിയ ‘ഭാരത് ഭൂമി’യാണ് അവസാനമായി ഇരുവരും ചേര്‍ന്ന് തയ്യാറാക്കിയ ഗാനം. അരനൂറ്റാണ്ട് പഴക്കമുള്ള സൗഹൃദം സിനിമയിലെത്തുന്നതിന് മുന്നേ തന്നെ തുടങ്ങിയതാണ്. ആന്ധ്ര വിട്ട് ചെന്നൈയിലെത്തിയ എസ്പിബിയും തേനിയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നെത്തിയ ഇളയരാജയും സംഗീത ജീവിതം ആരംഭിക്കുന്നത് ഗാനമേളകളിലൂടെയാണ്. ഇളയരാജയും സഹോദരന്‍മാരും ഒരുക്കിയ ഓര്‍ക്കസ്ട്രയില്‍ എസ്പിബി ലീഡ് സിങ്ങറായി പാടി. ഹിന്ദി ഗാനങ്ങളുടെ സുവര്‍ണകാലമായിരുന്നു അത്. സിനിമാ റെക്കോര്‍ഡിങ്ങും ഗാനമേളകളും ഇല്ലാത്ത സമയങ്ങളില്‍ പട്ടിണി കിടന്ന അനുഭവങ്ങളേക്കുറിച്ച് ഇളയരാജ പല തവണ പറഞ്ഞിട്ടുണ്ട്. അപ്പോഴൊന്നും തെന്നിന്ത്യന്‍ സംഗീതത്തെ മാറ്റിമറിക്കാന്‍ പോകുന്ന ഒരു വലിയ ബ്രാന്‍ഡായി തങ്ങളുടെ കോംബോ മാറുമെന്ന് ഇരുവരും കരുതിയിരുന്നില്ല.
മണ്ണില്‍ ഇന്ത കാതലന്‍ഡ്രി, ഇളയനില, കൊഞ്ചി കൊഞ്ചി, മുത്തുമണി മാലാ, കാതലിന്‍ ദീപം ഒന്‍ഡ്രു, തുടങ്ങി ഏറ്റവും മികച്ച പാട്ടുകളുടെ എണ്ണമെടുത്താല്‍ ബാലുരാജ കോംബോ ലിസ്റ്റ് നീണ്ടുതന്നെ കിടക്കും. ഇളയരാജ ആയിരം സിനിമകളുടെ സംഗീതസംവിധാനം പൂര്‍ത്തിയാക്കിയപ്പോള്‍ സംഘടിപ്പിച്ച പരിപാടിയില്‍ എസ്പിബി പറഞ്ഞതിങ്ങനെയാണ് ‘രാജയ്ക്ക് എന്റെ പ്രശംസ ആവശ്യമില്ല, ഇളയരാജ എനിക്ക് വേണ്ടിയാണ് ജനിച്ചത്, ഞാന്‍ ഇളയരാജയ്ക്ക് വേണ്ടിയും’.
ഇടയ്ക്ക് ഇരുവര്‍ക്കുമിടയില്‍ പിണക്കങ്ങളുമുണ്ടായി. താന്‍ ഈണമിട്ട ഗാനങ്ങള്‍ എസ്പിബി പാടുമ്പോള്‍ റോയല്‍റ്റി ലഭിക്കുന്നില്ല എന്നായിരുന്നു ഇളയരാജയുടെ പരാതി. എസ്പിബിയ്‌ക്കൊപ്പം അന്താരാഷ്ട്ര വേദികളില്‍ പാടിയ കെ എസ് ചിത്രയ്ക്കും എസ് പി ചരണിനും രാജ വക്കീല്‍ നോട്ടീസ് അയക്കുന്നത് വരെ അതെത്തി. അതോടെ രാജയുടെ പാട്ടുകള്‍ ഇനി പാടില്ലെന്ന് ബാലു തീരുമാനമെടുത്തു. എന്നാല്‍ പിന്നീട് തന്റെ ലൈവ് ഷോകളില്‍ ഇളയരാജയുടെ പാട്ട് പാടുമ്പോള്‍ റോയല്‍റ്റി കൊടുക്കണമെന്ന് എസ്പിബി പ്രമോട്ടര്‍മാരോട് പറഞ്ഞു. ആ പിണക്കം അങ്ങനെ തീര്‍ന്നു.
ഒടുവില്‍ കൊവിഡ് ബാധിതനായി ഗുരുതരാവസ്ഥയില്‍ ആശുപത്രി കിടക്കിയിലായ എസ് പി ബിയോട് ‘ബാലു, വേഗം എഴുന്നേറ്റ് വാടാ’ എന്ന ഇളയരാജയുടെ അഭ്യര്‍ത്ഥന സംഗീതാസ്വാദകരുടെ ഉള്ളുലച്ചു. പക്ഷേ തിരിച്ചുവരുമെന്ന പ്രതീക്ഷ വെറുതെയാക്കി എസ്പിബി യാത്രയായി.

Related Articles

Back to top button