ചെന്നൈ: ‘എന്തിന് ഇങ്ങനെ ചെയ്യുന്നു. ദയവായി വ്യാജപ്രചാരണങ്ങള്‍ നിര്‍ത്തൂ..’ എസ്പിബിയുടെ ഔദ്യോഗിക പേജിലെത്തി മകന് ചരണിന്റെ അപേക്ഷയാണ്. ആശുപത്രിയില്‍ പണം അടയ്ക്കാത്തത് കൊണ്ട് എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുക്കാന്‍ വൈകിയെന്നും ഒടുവില്‍ ഉപരാഷ്ട്രപതി ഇടപ്പെട്ട ശേഷമാണ് മൃതദേഹം വിട്ടുകാെടുത്തതെന്നും തരത്തില്‍ വ്യാജപ്രചാരണം ശക്തമായിരുന്നു. ഇതിനെതിരെയാണ് ചരണ്‍ രംഗത്തുവന്നത്.
പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും ഒരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘കഴിഞ്ഞ മാസം അഞ്ചുമുതല്‍ എസ്പിബി ആശുപത്രിയില്‍ ചികില്‍സയിലാണ്. അന്നുമുതല്‍ ഇന്നുവരെയുള്ള ബില്ലുകള്‍ അടച്ചിരുന്നു. പക്ഷേ ചിലര്‍ പ്രചരിപ്പിക്കുന്നത്. ഒടുവില്‍ ബില്ല് അടയ്ക്കാന്‍ പണമില്ലാതെ വന്നെന്നും തമിഴ്നാട് സര്‍ക്കാരിനോട് സഹായം ചോദിച്ചിട്ട് അവര്‍ ചെയ്തില്ലെന്നുമാണ്.
ഒടുവില്‍ ഉപരാഷ്ട്രപതിയെ സമീപിച്ചെന്നും അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടുകൊടുത്തത് എന്നുമാണ്. ഇതെല്ലാം വ്യാജമാണ്. ആശുപത്രി അധികൃതര്‍ അത്രകാര്യമായിട്ടാണ് അച്ഛനെ നോക്കിയത്. ദയവായി ഇത്തരം വ്യാജപ്രചാരണങ്ങള്‍ നിര്‍ത്തൂ.’– ചരണ്‍ അപേക്ഷിക്കുന്നു.