BREAKING NEWSKERALA

സ്പീക്കറെ നീക്കണമെന്ന നോട്ടിസ് ചര്‍ച്ച ചെയ്യും; അന്വേഷണം തടസപ്പെടുത്തില്ല: ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായി ബന്ധമുള്ള സ്പീക്കറെ നീക്കണമെന്ന എം.ഉമ്മര്‍ എംഎല്‍എയുടെ നോട്ടിസ് ചര്‍ച്ച ചെയ്ത് യുക്തമായ തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. അസി.പ്രൈവറ്റ് സെക്രട്ടറിക്കെതിരെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസപ്പെടുത്തില്ലെന്നും സ്പീക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ നടപടിക്രമങ്ങള്‍ പാലിച്ചാല്‍ ഒരു അന്വേഷണത്തെയും തടസപ്പെടുത്തില്ല. അതാണ് നിയമസഭാ സെക്രട്ടറിയും അന്വേഷണ ഏജന്‍സിയെ അറിയിച്ചത്.
നിയമസഭാ ചട്ടം 165 അനുസരിച്ച് സ്പീക്കറുടെ അനുമതിയില്ലാതെ സഭയുടെ അധികാരപരിധിയിലുള്ള സ്ഥലത്തുള്ള ആളുടെമേല്‍ നിയമ നടപടി സാധ്യമല്ലെന്നു സ്പീക്കര്‍ പറഞ്ഞു. ഇത് സാമാജികര്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ബാധകമാണ്. അന്വേഷണ ഏജന്‍സികള്‍ നടപടിക്രമം പാലിച്ച് നോട്ടിസ് നല്‍കിയാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ഇക്കാര്യത്തില്‍ ഭയക്കേണ്ട കാര്യമില്ല. തനിക്ക് അന്വേഷണ ഏജന്‍സികളില്‍നിന്ന് നോട്ടിസ് ലഭിച്ചിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
സ്വര്‍ണക്കടത്തു വിഷയത്തില്‍ തന്റെ ഭാഗത്ത് തെറ്റില്ലെന്നു നൂറു ശതമാനം വിശ്വാസമുണ്ട്. 40 വര്‍ഷമായി പൊതുപ്രവര്‍ത്തനരംഗത്തുണ്ട്. ആരുടെയെങ്കിലും കയ്യില്‍നിന്ന് പൈസ വാങ്ങുകയോ അതില്‍നിന്ന് നിക്ഷേപമുണ്ടാക്കുകയോ ചെയ്തു എന്നു തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം. അല്ലാതെ ആരുടെ മുന്നിലും തലകുനിക്കില്ല. സ്വര്‍ണക്കടത്തുകേസില്‍ സ്പീക്കറുടെ ഓഫിസിനെതിരെ തെളിവുണ്ടോ ഇല്ലയോ എന്നുള്ള കാര്യമൊന്നും തനിക്കു പറയാന്‍ കഴിയില്ല. ഏജന്‍സികള്‍ അഡീ.പ്രൈവറ്റ് സെക്രട്ടറിയെ എന്തിനാണ് വിളിക്കുന്നതെന്ന് അവര്‍ക്കേ അറിയൂ. അദ്ദേഹത്തില്‍നിന്ന് വിവരം തേടാനുണ്ടെങ്കില്‍ അങ്ങനെ ചെയ്യട്ടെയെന്നും സ്പീക്കര്‍ പറഞ്ഞു.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നാളെ സഭാസമ്മേളനം ആരംഭിക്കും. 11ന് സഭ പിരിയും. 12,13,14 തീയതികളില്‍ നയപ്രഖ്യാപനത്തില്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച. 15ന് ബജറ്റ് അവതരിപ്പിക്കും. 18,19, 20 തീയതികളില്‍ ബജറ്റ് ചര്‍ച്ച നടക്കും. 4 മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കും. 28ന് സമ്മേളനം അവസാനിക്കുന്ന രീതിയിലാണ് നടപടിക്രമങ്ങള്‍ തയാറാക്കിയിരിക്കുന്നത്. കടലാസ്?രഹിത സഭയായിരിക്കും ഇത്തവണത്തേത്.

Related Articles

Back to top button