BREAKING NEWSKERALA

‘പദവിയുടെ മഹത്വം കാത്തു സൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു’; സ്പീക്കര്‍ക്കെതിരായ പ്രമേയം

തിരുവനന്തപുരം: പി. ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന പ്രമേയത്തില്‍ സഭയില്‍ ചര്‍ച്ച തുടങ്ങി. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും യശസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനും അതിന്റെ ഔന്നത്യം കാത്തുസൂക്ഷിക്കുന്നതിനും ബാധ്യസ്ഥനായ സ്പീക്കര്‍ അദ്ദേഹത്തിന്റെ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടതിനാല്‍ ശ്രീരാമകൃഷ്ണനെ നിയമസഭാ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിന് ഈ സഭ തീരുമാനിക്കുന്നെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ഭരണഘടനയുടെ അനുച്ഛേദം 179 (സി) അനുസരിച്ച് യു.ഡി.എഫിലെ എം ഉമ്മറാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാറേജില്‍ സ്വര്‍ണം കടത്തിയെന്ന അതീവ ഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളായ എന്‍ഐഎ സംശയിക്കുന്ന കുറ്റവാളികളുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുള്ള വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിനും അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലും സ്പീക്കറുടെ സാന്നിധ്യവും നിയമസഭയുടെ അന്തസ്സിനും ഔന്നത്യത്തിനും മാന്യതയ്ക്കും നിരക്കാത്തതുമാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

പ്രമേയം പൂര്‍ണരൂപത്തില്‍

‘തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാറേജില്‍ സ്വര്‍ണം കടത്തിയെന്ന അതീവ ഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളായ എന്‍ഐഎ സംശയിക്കുന്ന കുറ്റവാളികളുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുള്ള വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിനും അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലും സ്പീക്കറുടെ സാന്നിധ്യവും നിയമസഭയുടെ അന്തസ്സിനും ഔന്നത്യത്തിനും മാന്യതയ്ക്കും നിരക്കാത്തതുമാണ്. കേസില്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളസമൂഹം കേട്ടത്. നിയമസഭയിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇ നിയമസഭ, സഭാ ടിവി, ഫെസ്റ്റിവല്‍ ഓണ്‍ഡെമോക്രസി തുടങ്ങിയ പരിപാടികളിലെ ധൂര്‍ത്തും അഴിമതിയും ഇന്ന് ചര്‍ച്ചാ വിഷയമാണ്. മുമ്പ് മറ്റൊരു സ്പീക്കര്‍ക്കുമെതിരേ ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടില്ല.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും യശസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനും അതിന്റെ ഔന്നത്യം കാത്തുസൂക്ഷിക്കുന്നതിനും ബാധ്യസ്ഥനായ സ്പീക്കര്‍ അദ്ദേഹത്തിന്റെ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടതിനാല്‍ ശ്രീരാമകൃഷ്ണനെ നിയമസഭാ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിന് ഈ സഭ തീരുമാനിക്കുന്നു.’

Related Articles

Back to top button