ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്പീക്കര്‍ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ളയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും മത്സരിക്കും. ബുധനാഴ്ച 11 മണിക്കാണ് ലോക്സഭയില്‍ വോട്ടെടുപ്പ് നടക്കുക. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ സംബന്ധിച്ച് ഭരണ-പ്രതിപക്ഷ നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ സമവായത്തിലെത്താത്തതിനെ തുടര്‍ന്നാണ് മത്സരത്തിലേക്ക് നീങ്ങിയത്.
മുഖ്യ പ്രതിപക്ഷകക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെന്നതാണ് ലോക്‌സഭയില്‍ കീഴ്വഴക്കമെങ്കിലും കഴിഞ്ഞ രണ്ടുതവണയും ഇത് നിഷേധിക്കപ്പെട്ടിരുന്നു. ഇത്തവണ പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും അംഗബലം ഉയര്‍ന്നതോടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിച്ചേതീരൂ എന്ന നിലപാടിലായിരുന്നു ഇന്ത്യ സഖ്യം.
രാവിലെ മുതല്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചനടത്തിയിരുന്നു. ഓം ബിര്‍ളയെ സ്പീക്കര്‍ പദവിയിലേക്ക് പിന്തുണയ്ക്കണമെന്ന് രാജ്നാഥ് ആവശ്യപ്പെട്ടു. എന്നാല്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന് ഖാര്‍ഗെ അടക്കമുള്ള ഇന്ത്യസഖ്യ നേതാക്കള്‍ നിലപാടെടുത്തു. എന്നാല്‍, അക്കാര്യം പിന്നീട് ചര്‍ച്ചചെയ്യാമെന്നായിരുന്നു രാജ്നാഥ് സ്വീകരിച്ച നിലപാട്. തുടര്‍ന്ന് കെ.സി.വേണുഗോപാലടക്കമുള്ള ഇന്ത്യ നേതാക്കള്‍ ബിജെപി നേതൃത്വവുമായും സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ പദവി വിട്ടുനല്‍കുമെന്ന് ബിജെപി നേതാക്കള്‍ ഉറപ്പ് നല്‍കാതായതോടെ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയായിരുന്നു. ഇതിനിടെ ഡിഎംകെയ്ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കി പ്രതിപക്ഷത്ത് വിള്ളല്‍ സൃഷ്ടിക്കാനും ബിജെപി ശ്രമം നടത്തിയിരുന്നു.
രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള എംപിയായ ഓം ബിര്‍ള 17-ാം ലോക്‌സഭയിലും സ്പീക്കറായിരുന്നു. എട്ടുതവണ ലോക്സഭാ എംപിയായിട്ടുള്ള കൊടിക്കുന്നില്‍ സുരേഷ് നേരത്തെ പ്രോടെം സ്പീക്കര്‍ പദവിയില്‍നിന്നും തഴയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കൊടിക്കുന്നിലും മറ്റു പ്രതിപക്ഷ അംഗങ്ങളും പ്രോടെം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍നിന്ന് പിന്‍മാറിയിരുന്നു
1,091 1 minute read