കല്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാപുരസ്കാരത്തിന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. 75000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍ ചെയര്‍മാനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്മാന് എം. വി. ശ്രേയാംസ് കുമാര്‍ എം.പി. അറിയിച്ചു. സാഹിത്യമികവിനുള്ള പത്മപ്രഭാപുരസ്കാരം 1996ലാണ് ഏര്‍പ്പെടുത്തിയത്.
ബഹുമുഖ പ്രതിഭ എന്ന വിശേഷണം സാര്‍ത്ഥകമാക്കുന്ന സാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പിയുടേതെന്നും വ്യാപരിച്ച മേഖലകളില്‍ എല്ലാം ഒരുപോലെ മാറ്റുതെളിയിച്ച ഈ പ്രതിഭാശാലി സാഹിത്യത്തിലും ചലച്ചിത്രലോകത്തും ഒരേപോലെ അതുല്യമായ സംഭാവനകള്‍ നല്‍കിയെന്നും പുരസ്കാര സമിതി വിലയിരുത്തി. മലയാളചലച്ചിത്ര ഗാനശാഖയെ ജനകീയമാക്കിയതില്‍ ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ വലിയ പങ്കുവഹിച്ചു. ലളിതമായ വരികളിലൂടെ അദ്ദേഹം ഗഹനമായ ആശയം വ്യക്തമാക്കുന്ന ആയിരക്കണക്കിന് ഗാനങ്ങള്‍ രചിച്ചു. അനുപമമായ വാക്കുകളുടെ സൗന്ദര്യവും ആഴത്തിലുള്ള ജീവിതതത്വചചിന്തയും ഒരേപോലെ ആ ഗാനങ്ങള്‍ക്ക് മാറ്റുകൂട്ടി. കേരളത്തിന്റെ ഭൂപ്രകൃതി, സംസ്കാരം, പൈതൃകം, കല, ഉത്സവം, ഭാഷ എന്നിവയെയെല്ലാം ഈ എഴുത്തുകാരന് കാവ്യവിഷയങ്ങളും കാവ്യബിംബങ്ങളുമാക്കി. പ്രണയം, വിരഹം, ഭക്തി, ഹാസ്യം, തത്വചിന്ത, വാത്സല്യം തുടങ്ങി മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ പലവര്ണ്ണപ്പീലികളായി. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി മലയാള ചലച്ചിത്ര ഗാനലോകത്തും കാവ്യലോകത്തും ഒറ്റയാന്റെ കരുത്തും ഭംഗിയുമായി ശ്രീകുമാരന്‍ തമ്പിയുണ്ട്. രചനകള്‍കൊണ്ട് മലയാള കവിതയേയും ഗാനങ്ങളേയും മാത്രമല്ല സംസ്കാരത്തെയാകെത്തന്നെ പുതിയൊരു ഭാവുകത്വത്തിലേക്ക് ഉയര്‍ത്തിയ പ്രതിഭാവിലാസത്തെ മാനിച്ചാണ് പത്മപ്രഭാപുരസ്കാരം ശ്രീകുമാരന്‍ തമ്പിയ്ക്ക് നല്‍കുന്നത്, സമിതി
വിലയിരുത്തി.
പരേതരായ കളരിക്കല്‍ കൃഷ്ണപിള്ളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും മകനായി 1940ല്‍ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ച ശ്രീകുമാരന്‍ തമ്പി പി. സുബ്രഹ്മണ്യത്തിന്റെ ‘കാട്ടുമല്ലിക’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രഗാനരചനയിലേക്ക് പ്രവേശിക്കുന്നത്. മൂവായിരത്തിലധികം ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചു. അവയില്‍ മിക്കവയും മലയാളികളും മലയാളഭാഷയും ഉള്ള കാലത്തോളം ഓര്‍ക്കപ്പെടുന്നവയാണ്. ശ്രീകുമാരന്‍ തമ്പിദക്ഷിണാമൂര്ത്തി, ശ്രീകുമാരന്തമ്പിഎം.കെ. അര്ജ്ജുനന് കൂട്ടുകെട്ടുകള്‍ മലയാള സിനിമാഗാനങ്ങളെ നിത്യഹരിതത്വത്തിന്റെ വിതാനത്തിലേയ്ക്ക് ഉയര്‍ത്തി. മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത ശ്രീകുമാരന്‍ തമ്പി എണ്‍പതോളം സിനിമകള്‍ക്ക് തിരക്കഥ എഴുതി. ഇരുപത്തിരണ്ട് സിനിമ കളും ആറ് ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചു. നിരവധി സിനിമകളിലായി മൂവായിരത്തോളം ഗാനങ്ങള്‍ തമ്പി എഴുതി. ലളിതഗാനങ്ങള്‍, ആല്‍ബം ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍ തുടങ്ങി ആയിരത്തോളം രചനകള്‍ വേറെയും. ‘നീലത്താമര’, ‘അച്ഛന്റെ ചുംബനം’, ‘അമ്മയ്ക്കൊരു താരാട്ട്’, ‘പുരതലാഭം’ തുടങ്ങി പത്ത് കാവ്യസമാഹരങ്ങളും നാല് നോവലുകളും ആയിരത്തൊന്ന് ഗാനങ്ങളുടെ സമാഹാരമായ ‘ഹൃദയസരസ്സ്’, ഒരു നാടകം എന്നിവയും ശ്രീകുമാരന്‍ തമ്പിയുടേതായുണ്ട്. ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥയായ ‘ജീവിതം ഒരു പെന്‍ഡുലം’ ഇപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്നു.
ഏറ്റവും മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാനപുരസ്കാരം, പ്രേംനസീര്‍ പുരസ്കാരം, ആശാന് പുരസ്കാരം, ഓടക്കുഴല്‍ പുരസ്കാരം, മയില്‍പ്പീലി പുരസ്കാരം, കേരളസംഗീതനാടക അക്കാദമി പുരസ്കാരം, മലയാള സിനിമയ്ക്ക് നല്കിയ സമഗ്രസംഭാവനകളെ മാനിച്ച് ജെ.സി. ഡാനിയല്‍ പുരസ്കാരം എന്നിവ ശ്രീകുമാരന്‍ തമ്പിയ്ക്ക് ലഭിച്ചിട്ടുണ്ട്. രാജേശ്വരിയാണ് പത്നി. കവിത, പരേതനായ രാജകുമാരന് തമ്പി എന്നിവരാണ് മക്കള്‍.