തിരുവനന്തപുരം: കരിമ്പും കൈതച്ചക്കയും ശര്‍ക്കരയുമൊക്കെ ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ കേക്ക് മുറിച്ച് കുട്ടിയാനയ്ക്ക് പിറന്നാളാഘോഷം. കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ ശ്രീക്കുട്ടി എന്ന കുട്ടിയാനയുടെ ഒന്നാം പിറന്നാളാഘോഷമാണ് സഞ്ചാരികള്‍ക്ക് കൗതുകമായത്.
കരിമ്പ്, ശര്‍ക്കര, കൈതച്ചക്ക എന്നിവ ഉപയോഗിച്ചാണ് ശ്രീക്കുട്ടിക്ക് കേക്ക് നിര്‍മ്മിച്ചത്.കുട്ടിയാനയുടെ പിറന്നാളില്‍ പങ്കെടുക്കാനായി 10 ആനകളാണ് കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ എത്തിയത്. പുടവ ചുറ്റി ശര്ക്കരച്ചോറുകൊണ്ടുണ്ടാക്കിയ പിറന്നാള്‍ കേക്ക് കഴിക്കാനായി അതിഥികളായി പത്താനകള്‍ ചുറ്റും നിരന്നു.ആഘോഷം കേമമാക്കാന്‍ വനം സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ കുടുംബമായെത്തിയിരുന്നു.
കഴിഞ്ഞ നവംബര്‍ എട്ടിനാണ് തെന്മലയില് നിന്ന് ലക്ഷ്മിക്കുട്ടി എന്ന കുട്ടി ആന പരിപാലന കേന്ദ്രത്തിലേക്ക് എത്തിയത്. ഈ ദിവസത്തിന് ഓര്‍മ്മ പുതുക്കി കൊണ്ടായിരുന്നു വനപാലകര്‍ കേക്ക് ഒരുക്കി പിറന്നാള്‍ ആഘോഷിച്ചത്. പൊക്കിള്‍ക്കൊടി പോലും ഉണങ്ങാത്ത നിലയില്‍ കിട്ടിയ ശ്രീക്കുട്ടിയുടെ ഓരോ ചലനവും നിരീക്ഷിച്ച് അപ്പപ്പോള്‍ വേണ്ട പരിചരണങ്ങള്‍ നല്കി പരിപാലിക്കാന്‍ ചുക്കാന്‍ പിടിച്ച ഡോക്ടര്‍ ഇകെ ഈശ്വരനും ശ്രീക്കുട്ടി പിറന്നാള്‍ കേക്ക് മുറിക്കുന്നതിന് സാക്ഷിയായി.