BREAKING NEWSKERALA

ശ്രീനാരായണ യൂണി. വിസിയെ പിന്തുണച്ച് ലീഗ്; ‘മുസ്ലിം പേരിനോട് ഓക്കാനമോ?’

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലാ വിസിയായി മുബാറക് പാഷയ്ക്ക് പിന്തുണയുമായി മുസ്ലിം ലീഗ്. ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യിലാണ് മുബാറക് പാഷയെ എതിര്‍ത്ത വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ചന്ദ്രിക ഉയര്‍ത്തുന്നത്. വെള്ളാപ്പള്ളിക്കെതിരെ ലീഗ് നേരിട്ട് രംഗത്തെത്തുമ്പോള്‍, ഇത് രാഷ്ട്രീയപ്പോരായിക്കൂടി മാറുന്നു. ഇടത് അധ്യാപകസംഘടനകളുടെയടക്കം എതിര്‍പ്പ് മറികടന്നും, മുബാറക് പാഷയെ ശ്രീനാരായണഗുരു സര്‍വകലാശാല വിസിയാക്കിയത് മന്ത്രി കെ ടി ജലീലുമായുള്ള അടുത്ത ബന്ധത്തെത്തുടര്‍ന്നാണ് എന്നത് കൂടി പരിഗണിക്കുമ്പോഴാണ് മുസ്ലിം ലീഗിന്റെ നിലപാട് ശ്രദ്ധേയമാകുന്നത്.
ചന്ദ്രികയുടെ മുഖപത്രത്തിലെ എഡിറ്റോറിയലിന്റെ തലക്കെട്ട് തന്നെ ‘മുസ്ലിം പേരിനോട് ഓക്കാനമോ?’ എന്നതാണ്. മുബാറക് പാഷയെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ എന്നാണ് ചന്ദ്രിക വിശേഷിപ്പിക്കുന്നത്. ഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ മുസ്ലിമിനെ വിസിയായി നിയമിച്ചതില്‍ വെള്ളാപ്പള്ളി ഉയര്‍ത്തിയ എതിര്‍പ്പിനെ മുഖപത്രം രൂക്ഷമായി വിമര്‍ശിക്കുന്നു. ”ശ്രീനാരായണ ആദര്‍ശങ്ങളെക്കുറിച്ച് സാമാന്യജ്ഞാനമുള്ളവരെല്ലാം തന്നെ ഇത് കേട്ട് മൂക്കത്ത് വിരല്‍ വച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നും ‘ജാതി ചോദിക്കരുത്, പറയരുത്’ എന്നും മനുഷ്യരായ സര്‍വരോടും കല്‍പിക്കുകയും ഉപദേശിക്കുകയും ചെയ്ത കേരളത്തിന്റെയും മലയാളിയുടെയും അഭിമാനപുരുഷനായ നാരായണഗുരുവിന്റെ പേരുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ ആശയാദര്‍ശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ സാരഥി ഇത്തരമൊരു ആക്ഷേപം ചൊരിഞ്ഞതെന്നതിനെ തികഞ്ഞ ഗുരുനിഷേധമെന്നേ വിശേഷിപ്പിക്കേണ്ടതുള്ളൂ” എന്നാണ് ചന്ദ്രിക പറയുന്നത്. ഗുരുവിന്റെ ആശയങ്ങളെ സ്വന്തം താത്പര്യത്തിന് വക്രീകരിച്ച ആളാണ് വെള്ളാപ്പള്ളിയെന്ന് വിമര്‍ശിക്കുന്ന ചന്ദ്രിക, ഇവ പലതും സ്വന്തം സ്വാര്‍ത്ഥ രാഷ്ട്രീയ സാമ്പത്തികമോഹത്തിന് ഉപയോഗിച്ചെന്നും പറയുന്നു. അവജ്ഞയോടെ തള്ളിക്കളയാവുന്ന വാക്കുകളാണ് വെള്ളാപ്പള്ളിയുടേതെന്നും ചന്ദ്രിക ആഞ്ഞടിക്കുന്നു.
മുബാറക് പാഷയെ ശ്രീനാരായണ സര്‍വകലാശാല വിസി ആയി നിയമിച്ചതിനെച്ചൊല്ലി ഇടത് അധ്യാപക സംഘടനകള്‍ക്കിടയിലും മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. കെ.ടി.ജലീലിന്റെ മാത്രമല്ല, രണ്ട് വ്യവസായ പ്രമുഖരുടെയും ശുപാര്‍ശകള്‍ പാഷയ്ക്ക് തുണയായി എന്നാണ് സൂചന. വിസി ആയിരിക്കാന്‍ വേണ്ട അവശ്യ യോഗ്യതകളിലൊന്നായ 10 വര്‍ഷം പ്രൊഫസറായിരിക്കണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല.
കോഴിക്കോട് ഫറൂക്ക് കോളജ് പ്രിന്‍സിപ്പലായിരിക്കെ എസ്എഫ്‌ഐയുടെയും ഇടത് അധ്യാപകസംഘടനകളുടെയും ശത്രുപക്ഷത്തായിരുന്നു മുബാറക് പാഷ. പിന്നീട് യുഡിഎഫ് നോമിനിയായാണ് സര്‍വ്വകലാശാലയിലെ കോളേജ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടറായത്. അവിടെ നിന്നും ഒമാനിലേക്ക് പോയി ഗള്‍ഫാര്‍ മുഹമ്മദിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിലും പിന്നീട് ഒമാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലും ജോലി ചെയ്തു വരികയായിരുന്നു പാഷ. ഗള്‍ഫാറിനൊപ്പം മറ്റൊരു പ്രമുഖ പ്രവാസി വ്യവസായിയുടെയും പിന്തുണ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലാ വിസി ആകാന്‍ പാഷയ്ക്ക് തുണയായി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലുമായുള്ള വ്യക്തി ബന്ധമായിരുന്നു മറ്റൊരു പ്രധാന ഘടകം. ഇതുതന്നെയാണ് നിയമനത്തിലെ പ്രധാന വിവാദ കാരണവും.

Related Articles

Back to top button