KERALALATEST

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡിന് പിന്നാലെ ന്യൂമോണിയയും; ഐസിയുവിലേക്ക് മാറ്റി

തിരുവനന്തപുരം: കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ശ്രീരാമകൃഷ്ണനെ പ്രത്യേക കോവിഡ് ഐ സി യുവിലേക്ക് മാറ്റി.
സ്പീക്കറുടെ ചികിത്സയ്ക്കു മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ചികിത്സയും നിലവിലെ ആരോഗ്യസ്ഥിതിയും വിലയിരുത്തുമെന്ന് മെഡിക്കല്‍ കോളേജ് വൃത്തങ്ങള്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്പീക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ ചില രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് മെഡിക്കല്‍ കോളേജിലേക്കു മാറ്റിയത്.
രോഗം സ്ഥിരീകരിച്ചപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്പീക്കറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് പത്രകുറിപ്പില്‍ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് പ്രമുഖര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് കൂടിവരികയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രി കെ. പി മോഹനന്‍, മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവര്‍ക്കും പ്രത്യേകിച്ച് രോഗലക്ഷണങ്ങളില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button