കൊച്ചി: വിദേശത്തേക്കു ഡോളര്‍ കടത്തിയെന്ന കേസില്‍ നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാമെന്നു കസ്റ്റംസിനു നിയമോപദേശം. സഭാ സമ്മേളനത്തിനു ശേഷമായിരിക്കും ചോദ്യം ചെയ്യുക. കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ പി.വിജയകുമാറാണു നിയമോപദേശം നല്‍കിയത്. സ്പീക്കറെ ചോദ്യം ചെയ്യാന്‍ നിയമതടസ്സങ്ങളില്ല. സഭയോടുള്ള ആദരസൂചകമായി, സഭ സമ്മേളിക്കുന്ന വേളയില്‍ ചോദ്യംചെയ്യല്‍ ഒഴിവാക്കാനും നിര്‍ദേശിച്ചു. നിയമോപദേശം ഇ-മെയിലായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ക്ക് അയച്ചെന്നാണു വിവരം.
കേസില്‍ പ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിത്തും നല്കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിനാണു സ്പീക്കറെ ചോദ്യം ചെയ്യുന്നത്. സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ സഹായത്തോടെ യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രി കയ്റോയിലേക്ക് 1.90 ലക്ഷം യുഎസ് ഡോളര്‍ കടത്തിയെന്നാണു കേസ്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെടുത്തിയാണു ഡോളര്‍ കടത്തിലും കസ്റ്റംസ് കേസെടുത്തത്.
അതേസമയം, ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടു സ്വപ്നയും സരിത്തും നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ദുബായിലുള്ള 2 മലയാളികളെ അടുത്തയാഴ്ച ചോദ്യം ചെയ്യും. മലപ്പുറം ജില്ലക്കാരായ ലാഫിര്‍ മുഹമ്മദ്, കിരണ്‍ എന്നിവരെയാണു ദുബായില്‍നിന്നു വരുത്തി ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെയും സരിത്തിന്റെയും മൊഴി പ്രകാരം ഇവിടെനിന്നു യുഎഇ കോണ്‍സുലേറ്റിലെ ഉന്നതന് വഴി ദുബായിലെത്തിച്ച ഡോളര്‍ ഇവര്‍ രണ്ടുമാണ് ഏറ്റുവാങ്ങിയത്. ദുബായില്‍ വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം നടത്തുന്നതിനും മറ്റു ചില വ്യവസായ നിക്ഷേപങ്ങള്‍ക്കും ഇടനിലക്കാരാണ് ഇരുവരുമെന്നാണു കസ്റ്റംസ് കണ്ടെത്തിയത്.