KERALALATEST

ശ്രീറാം വെങ്കിട്ടരാമന്‍ ഫാക്ട് പരിശോധിക്കില്ല; പിആര്‍ഡി ഫാക്ട് ചെക് വിഭാഗത്തില്‍ നിന്നും ഒഴിവാക്കി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡി ഫാക്ട് ചെക് വിഭാഗത്തില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കി. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ മാധ്യമവാര്‍ത്തകള്‍ പരിശോധിക്കാനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു. ശ്രീറാമിന് പകരം ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിഎസ് ബിജുഭാസ്‌കറിനെ ഉള്‍പ്പെടുത്തി.
തെറ്റായ വാര്‍ത്തകള്‍ കണ്ടെത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരാനാണ് സര്‍ക്കാര്‍ പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗത്തിന് രൂപം നല്‍കിയത്. അതില്‍ മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ ശ്രീറാമിന് ഉള്‍പ്പെടുത്തിയതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
ഒക്ടോബര്‍ ആദ്യവാരമാണ് ശ്രീറാമിനെ ഫാക്ട് ചെക്ക് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ ഫാക്ട് ചെക്ക് സമിതിക്ക് രൂപം നല്‍കിയത്. സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍, ഫാക്ട് ചെക്കിംഗ് വിദഗ്ധന്‍, സൈബര്‍ ഡോം, ഫോറന്‍സിക് വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരും സമിതിയിലുണ്ട്. ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായാണ് ശ്രീറാമിനെ ഉള്‍പ്പെടുത്തിയത്. അതേസമയം സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് ആരോപിച്ച് ഫാക്ട് ചെക്ക് വിഭാഗം രംഗത്ത് വന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.
ഇതിനിടെ, കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ ശ്രീറാമിന് കൈമാറാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. അടുത്ത മാസം 12നാണ് കേസ് പരിഗണിക്കുക. അന്വേഷണ സംഘം ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളും മറ്റും ആവശ്യപ്പെട്ടായിരുന്നു ശ്രീറാം കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് നിര്‍ദ്ദേശം നല്‍കിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker