മുംബൈ : ഭീമ കൊരേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് സ്റ്റാന്‍സ്വാമിക്ക് സ്ട്രോയും സിപ്പറും ജയിലധികൃതര്‍ നല്‍കുന്നുണ്ടെന്ന് അഭിഭാഷകന് കോടതിയില്‍. ഒരുമാസത്തോളം നീണ്ട ആവശ്യത്തിനു ശേഷം സ്ട്രോയും സിപ്പറും തലോജ അധികൃതര്‍ നല്‍കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചത്. സ്ട്രോയും സിപ്പറും നല്‍കണമെന്ന് ഏതാനും ദിവസം മുമ്പ് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് ജയിലധികൃതര്‍ സ്ട്രോയും സിപ്പറും നല്‍കിയത്.
ഹാര്‍ഡ് ഡിസ്ക് കോപ്പിയടങ്ങിയ തന്റെ ബാഗ് എന്‍ഐഎ തിരിച്ചു നല്‍കണമെന്നും തലോജ ജയിലില്‍ നിന്ന് തന്നെ മാറ്റരുതെന്നതടക്കം ആവശ്യപ്പെട്ടുള്ള മൂന്ന് ഹര്‍ജിയും കോടതിയില്‍ നല്കി.
ഒരാഴ്ച മുമ്പ് തന്നെ സ്റ്റാന്‍ സ്വാമിക്ക് ജയിലില്‍ സിപ്പര്‍ നല്‍കിയിരുന്നെന്ന് എന്‍ഐഎ അധികൃതര്‍ അറിയിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ സ്വന്തമായി കൈകൊണ്ട് വെള്ളം കുടിക്കാനുള്ള ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട് അദ്ദേഹം. അതിനാലാണ് സ്ട്രോയ്ക്കും സിപ്പറിനും അപേക്ഷ കൊടുത്തത്. എന്നാല്‍ ജയിലധികൃതര്‍ നല്‍കാത്തതിനെത്തുടര്‍ന്ന് കോടതിയെ സമീപിച്ചിരുന്നു. കോടതിയാണ് സ്ട്രോയും സിപ്പറും നല്‍കാനുള്ള ഉത്തരവിട്ടത്.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തന്നെ അറസ്റ്റു ചെയ്തപ്പോള്‍ പിടിച്ചെടുത്ത സ്ട്രോയും സിപ്പര്‍ കപ്പും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പുണെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതിയില്‍ എന്‍ഐഎ സത്യവാങ്മൂലം നല്കി. ഇതോടെ സ്റ്റാന്‍ സ്വാമിയുടെ അപേക്ഷ പുണെയിലെ പ്രത്യേക കോടതി തള്ളി.
ഇതേത്തുടര്‍ന്ന് ജയിലില്‍ സ്ട്രോയും സിപ്പറും ശൈത്യകാല വസ്ത്രങ്ങളും ഉപയോഗിക്കാന്‍ അനുമതി തേടി സ്വാമി വീണ്ടും കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ജയില്‍ അധികൃതരുടെ മറുപടി ആരാഞ്ഞ കോടതി ഹര്‍ജി ഡിസംബര്‍ നാലിലേക്ക് മാറ്റുകയായിരുന്നു. കേന്ദ്ര നാഡീവ്യൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന രോഗാവസ്ഥയാണ് പാര്‍ക്കിന്‍സണ്‍സ്. വിറയലും പേശികളുടെ സങ്കോചവും രോഗികള്‍ക്ക് ഉണ്ടാകുന്നതിനാല്‍ പാനീയങ്ങള്‍ കുടിക്കുന്നത് അടക്കമുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടും. രോഗികളില്‍ ചിലര്‍ക്ക് ചവയ്ക്കാനും ഭക്ഷണം കഴിക്കാനും പോലും ബുദ്ധിമുട്ട് അനുഭവപ്പെടും. ഈ സാഹചര്യത്തിലാണ് അദ്ദേഹം സ്ട്രോയും സിപ്പര്‍ കപ്പും ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഭീമാ കൊറേഗാവിലെ യുദ്ധ സ്മാരകത്തിന് സമീപം 2018 ജനുവരി ഒന്നിനാണ് സംഘര്‍ഷമുണ്ടായത്. തൊട്ടു തലേദിവസം പുണെയ്ക്ക് സമീപം നടന്ന ഏകതാ പരിഷത്ത് സമ്മേളനത്തിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത് എന്നാണ് ആരോപിക്കപ്പെടുന്നത്. സ്റ്റാന്‍ സ്വാമിക്ക് സിപിഎം (മാവോയിസ്റ്റ്) സംഘടനയുമായി ബന്ധമുണ്ടെന്നും അക്രമത്തിന് പ്രേരണ നല്‍കിയതില്‍ അദ്ദേഹത്തിനും പങ്കുണ്ടെന്നുമാണ് (എന്‍ഐഎ) പറയുന്നത്.