കൊച്ചി: കൊറോണ വൈറസ് കാലമായതിനാല്‍ വിപണിയില്‍ ഇറങ്ങുന്ന മിക്കതിനും ഒരു കൊറോണ ടച്ച് കൊടുക്കാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ക്രിസ്മസിന് വിപണിയിലെ താരം കൊറോണ എല്‍ഇഡി നക്ഷത്രമാണ്. കൊറോണ വൈറസിന്റെ മാതൃകയിലുള്ള എല്‍ഇഡി നക്ഷത്രത്തിന് വില അല്പം കൂടുതലാണെങ്കിലും ആവശ്യക്കാര്‍ ഏറെയാണ്. 840 രൂപയാണ് ഈ കൊറോണ നക്ഷത്രത്തിന്റെ വില.
ആകര്‍ഷണീയമായ എല്‍ഇഡി നക്ഷത്രങ്ങള്‍ക്കും വിപണിയില്‍ വന്‍ ഡിമാന്‍ഡ് ആണ്. 200 രൂപ മുതല്‍ 300 രൂപ വരെയുള്ളവയ്ക്കാണ് ആവശ്യക്കാരേറെ. 120 രൂപ മുതല്‍ 500 രൂപവരെയുള്ള എല്‍ഇഡി നക്ഷത്രങ്ങളുമുണ്ട്. കടലാസ് നക്ഷത്രങ്ങള്‍ക്ക് 10 മുതല്‍ 280 രൂപ വരെയാണ് വില. നക്ഷത്രങ്ങള്‍ മിക്കതും എത്തുന്നത് കൊല്ലം, എറണാകുളം ജില്ലകളില്‍ നിന്നാണ്. ചൈനീസ് നിര്‍മിത നക്ഷത്രങ്ങളും വിപണിയിലുണ്ടെങ്കിലും വെളിച്ചം കൂടുതലുള്ള നക്ഷത്രങ്ങള്‍ക്കാണ് ഡിമാന്‍ഡ്. ഇവ കൊല്ലം, എറണാകുളം ജില്ലകളില്‍ നിന്ന് തന്നെയാണ് എത്തുന്നത്.
നക്ഷത്രങ്ങള്‍ക്കൊപ്പം ക്രിസ്മസ് ട്രീ, സാന്താക്ലോസിന്റെ മുഖംമൂടി, ട്രീയിലെ അലങ്കാരം, പുല്‍ക്കൂട്, പുല്‍ക്കൂട് സെറ്റ്, വേഷവിധാനങ്ങള്‍, എല്‍ഇഡി ലൈറ്റ് പിടിപ്പിച്ച ക്രിസ്മസ് തൊപ്പി എന്നിവയും വിപണിയിലുണ്ട്. ഇവയില്‍ കൂടുതലും ചൈനീസ് ഉല്‍പന്നങ്ങളാണുള്ളത്. ഒരടി മുതല്‍ 10 അടി വരെ നീളമുള്ള ക്രിസ്മസ് ട്രീ വരെ വിപണിയില്‍ ലഭ്യമാണ്. 70 രൂപ മുതല്‍ 3,400 രൂപ വരെയാണ് ഇതിന്റെ വില. ക്രിസ്മസ് ട്രീ ഒരുക്കുന്നതിനുള്ള അലങ്കാരങ്ങള്‍ക്ക് 30 രൂപ മുതല്‍ 360 രൂപ വരെയാണ് വില.
30 രൂപ മുതല്‍ 1,200 രൂപ വരെ വിലയുള്ള മണികളും വിപണിയില്‍ ലഭ്യമാണ്. സാന്താക്ലോസിന്റെ മുഖംമൂടിക്ക് 90 രൂപ മുതല്‍ 240 രൂപ വരെയാണ് വില. 260 രൂപ മുതല്‍ 1,200 രൂപ വരെ വിലയുള്ള സാന്താക്ലോസ് വേഷങ്ങളുമുണ്ട്. 120 രൂപ മുതല്‍ 560 രൂപ വരെയുള്ള ആകര്‍ഷണീയമായ പുല്‍ക്കൂടുകളും തയ്യാറായിട്ടുണ്ട്.