WEB MAGAZINE

കലയിലെ കനകപ്രഭ

മുംബയിലെ പ്രമുഖ ജൂവലറി ഡിസൈനറായ സുഭാഷ് നായരെക്കുറിച്ച്

കെ. എം. സന്തോഷ്‌കുമാര്‍

മനുഷ്യന് സ്വന്തം സൗന്ദര്യത്തില്‍ ആത്മഹര്‍ഷം തോന്നിത്തുടങ്ങിയത് എന്നുമുതലായിരിക്കും? ചന്തം കൂട്ടാന്‍, മോടിയുള്ള ആഭരണങ്ങളോ അലങ്കാരങ്ങളോ മേനിയില്‍ ചാര്‍ത്തി മറ്റുള്ളവര്‍ക്കു മുന്നില്‍ ശ്രദ്ധാകേന്ദ്രമായി വിലസി നില്‍ക്കാന്‍ മനുഷ്യന്‍ മോഹിച്ച് തുടങ്ങിയത് മാനവകുലത്തിന്റെ ദീര്‍ഘസഞ്ചാരപഥത്തിലെ ഏത് ഘട്ടത്തില്‍ വെച്ചായിരിക്കാം? ആ ആലോചന ചെന്നെത്തുന്നത് ഒരു പക്ഷേ മനുഷ്യവംശത്തിന്റെ ആരംഭദശയിലേക്കാകാം. പണ്ട് പണ്ട് തീയുടെ കണ്ടുപിടുത്തത്തിനും മുമ്പ്, കൃഷിയും കാലിവളര്‍ത്തലും തുടങ്ങുന്നതിനുംമുമ്പ് വനാന്തരങ്ങളില്‍ സ്വതന്ത്രരായി അലഞ്ഞു നടന്നിരുന്ന ആദിമമനുഷ്യരും കാട്ടുപൂക്കളോ കാട്ടുവള്ളികളോ തലയിലും ഉടലിലുമെല്ലാം അലങ്കാരങ്ങളായി അണിഞ്ഞിരിക്കാം. ഇഷ്ടപ്പെടുന്ന ഇണയ്ക്ക്, ഉരുണ്ടു മിനുസപ്പെട്ട പളുങ്ക് കല്ല് സമ്മാനമായി നല്‍കിയിരിക്കാം. ഏതെങ്കിലും മൃഗത്തിന്റെ പ്രത്യേകതയുള്ള എല്ലുകള്‍ എടുത്ത് ആഭരണമായി അണിഞ്ഞിരിക്കാം അവര്‍. കാട്ടുപൊയ്കയിലെ നിശ്ചല ജലനിരപ്പില്‍ സ്വന്തം പ്രതിബിംബം നോക്കി അഭിമാനപൂര്‍വ്വം അവര്‍ പുളകം കൊണ്ടിരിക്കാം. അതേ.. ആഭരണങ്ങളോടുള്ള ഭ്രമത്തിന് മനുഷ്യന്റെ ജന്മ ചരിത്രത്തോളംതന്നെ പഴമയുണ്ടാകാനാണിട. അതുകൊണ്ടാണല്ലോ പൂതപാട്ടില്‍ ഇടശ്ശേരിക്ക് പൂതത്തിന്റെ ആഭരണങ്ങളെക്കുറിച്ച് വര്‍ണ്ണിക്കേണ്ടിവന്നത്.
‘കേട്ടിട്ടില്ലേ തുടികൊട്ടും
കലര്‍ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍…
അയ്യയ്യാ വരവമ്പിളിപ്പൂങ്കുല,
മെയ്യിലണിഞ്ഞ കരിമ്പൂതം…
കാതില്‍ പിച്ചളത്തോട…
കഴുത്തില്‍ കലപിലപാടും പണ്ടങ്ങള്‍…’
പിന്നീട് മനുഷ്യസമൂഹത്തിന്റെ ഇന്നുവരെയുള്ള വളര്‍ച്ചയൊടൊപ്പം തന്നെ അവന്റെ സൗന്ദര്യ സങ്കല്പവും ആഭരണ അലങ്കാരചാര്‍ത്തുകളും ഒപ്പം സഞ്ചരിച്ചു. കല്ലും മരവും കൊണ്ട് തീര്‍ത്തിരുന്നവയില്‍ നിന്ന് ചെമ്പും, ഓടും, സ്വര്‍ണ്ണവും, രത്‌നങ്ങളും ഓരോ കാലത്തിനനുസരിച്ച് ആഭരണങ്ങളായി. ഇന്ന് വിപണി മൂല്യം കൊണ്ടും സ്ഥിരതയുള്ള കരുതല്‍ എന്ന നിലയിലും വൈവിധ്യമാര്‍ന്ന രൂപകല്പനകയാല്‍ സൗന്ദര്യത്തിന്റെ വിഭിന്നമായ മാതൃതകള്‍ രൂപപ്പെടുത്താവുന്നത് എന്ന നിലയിലും സ്വര്‍ണ്ണാഭരണങ്ങള്‍ ജനങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന സ്ഥാനം നേടിയിരിക്കുകയാണ്. മോടിയുടേയും സാമൂഹ്യ അന്തസിന്റേയും പ്രതീകമായി പ്രചരിപ്പിക്കപ്പെട്ട് ഡയമണ്ടുകളില്‍ തീര്‍ത്ത ആഭരണങ്ങളും വിപണിയില്‍ ഇടം പിടിച്ചുകഴിഞ്ഞു.
ആഭരണശാലകളിലെ കണ്ണാടിക്കൂടുകളില്‍, കണ്ണഞ്ചിപ്പിക്കുന്ന ഫാഷനുകളിലുള്ള ആഭരണങ്ങള്‍ കാണുന്ന നമ്മളില്‍ എത്രപേര്‍ക്കറിയാം, ആ രൂപകല്പനയ്ക്ക് പിന്നിലെ പ്രതിഭകളെക്കുറിച്ച്. ചിത്രകലയും ശില്പചാതുരിയും അസാധാരണമായ ഭാവനയും ഒത്തിണങ്ങിയവര്‍ക്കു മാത്രമേ ജുവലറി ഡിസൈനിംഗ് എന്ന മണ്ഡലത്തില്‍ ശോഭിക്കാനാവൂ. ജൂവലറി ഡിസൈനിംഗില്‍ കലാവൈഭവം കൊണ്ട് മികവ് തെളിയിച്ചവര്‍ മറ്റ് കലാമേഖലകളെ അപേക്ഷിച്ച് വളരെ കുറവാണ് കേരളത്തില്‍. കലാവൈദഗ്ധ്യത്തോടൊപ്പം പരമ്പരാഗത ആഭരണങ്ങളെക്കുറിച്ചും വിവിധ രാജ്യങ്ങളിലെ ആഭരണ നിര്‍മ്മാണ ചരിത്രത്തിലുള്ള ശ്രമകരമായ അന്വേഷണവും പഠനവും ഈ മേഖലയില്‍ നില്‍ക്കുന്നൊരാള്‍ക്ക് അനിവാര്യമാണ്. പഴമയുടെ തനിമയെ പുതു അഭിരുചിയുമായി കലാപരമായി സമന്വയിപ്പിക്കുക എന്നതാണ് ഇന്ന് പ്രശസ്തമായ പല ഡിസൈനര്‍മാരുടേയും രീതി. വ്യക്തികളുടെ സൗന്ദര്യ സങ്കല്പങ്ങളും സമൂഹത്തിന്റെ സൗന്ദര്യാസ്വാദന മനസ്സും വിപണിയുടെ അഭിരുചികളും സൂക്ഷ്മമായി മനസിലാക്കുന്ന കലാകാരനുമാത്രമേ മികവുറ്റ ഒരു ജൂവലറി ഡിസൈനര്‍ ആകാന്‍ കഴിയൂ.
ശില ബിംബമായി കഴിഞ്ഞാല്‍ പിന്നെ ശില്പിക്ക് സ്ഥാനമില്ല എന്നു പറയുന്നതുപോലെ തന്നെയാണ് ജൂവലറി ഡിസൈനിംഗിലും. ഒരു ആഭരണത്തിന്റേയും ഡിസൈനറെക്കുറിച്ച് ആ സ്ഥാപനം വെളിപ്പെടുത്താറില്ല. ഒരു ആഭരണം അതിന്റെ കലാപൂര്‍ണ്ണതകൊണ്ട് എത്ര ജനപ്രിയത നേടിയാലും, അത് രൂപകല്പന ചെയ്ത കലാപ്രതിഭ ഇരുളില്‍ നില്‍ക്കേണ്ടിവരുന്നു.
ഇന്‍ഡ്യയിലെ ഏറ്റവും ഉയര്‍ന്ന വ്യവസായ കുടുംബങ്ങളിലെ അംഗങ്ങളും പല ബോളിവുഡ് താരങ്ങളുമൊക്കെ ധരിക്കുന്ന ഏറ്റവും നൂതനമായ ആഭരണങ്ങള്‍ വരെ ഡിസൈന്‍ ചെയ്യുന്ന മലയാളിയായ ഒരു കലാകാരനെ പരിചയപ്പെടുത്തുകയാണിവിടെ.
മുംബൈയിലെ പ്രശസ്തമായ കോത്താരീസ് ഫൈന്‍ ജൂവല്‍സിലെ ഡിസൈനറാണ് സുഭാഷ് നായര്‍ എന്ന കലാകാരന്‍.
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് സ്വദേശിയായ ഇദ്ദേഹം 1988 മുതല്‍ ഈ സ്ഥാപനത്തില്‍ ഉണ്ട്. മുപ്പത് വര്‍ഷത്തിലേറെയായി ഒരു സ്ഥാപനത്തിലെ ജുവലറി ഡിസൈനര്‍ ആയി നിലനില്‍ക്കുന്നതില്‍ തന്നെയുണ്ട് ഇദ്ദേഹത്തിന്റെ സര്‍ഗശേഷിയുടെ അടയാളപ്പെടുത്തല്‍. കാരണം അനുദിനം മാറുന്ന ഉപഭേക്താവിന്റെ അഭിരുചികള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കഴിയുകയും അതനുസരിച്ച് തന്റെ ഭാവനാശേഷിയെ വികസിപ്പിക്കുവാന്‍ സാധിക്കുകയും ചെയ്യുന്നവരെ മാത്രമേ, ഇത്ര പ്രമുഖമായ ഒരു സ്ഥാപനം നിലനിര്‍ത്തുകയുള്ളൂ. കോത്താരീസ് ജൂവല്‍സിന്റെ ഇടപാടുകാര്‍ സാധാരണക്കാരല്ല. ഇന്‍ഡ്യയിലെ ഏറ്റവും ഉയര്‍ന്ന വ്യവസായ കുടുംബങ്ങളിലെ അംഗങ്ങളും ചലച്ചിത്ര താരറാണിമാരുമൊക്കെയാണ്. നമ്മള്‍ പലപ്പോഴും പല വാര്‍ത്താ ചിത്രങ്ങളിലും കാണുന്ന പല പ്രമുഖരും അണിഞ്ഞിട്ടുള്ളത് സുഭാഷ് നായരുടെ ഭാവനയില്‍ വിരിഞ്ഞ ആഭരണങ്ങളാണ്. പക്ഷേ ആ മേഖലയിലെ ബിസിനസ് കരാര്‍ അനുസരിച്ച് അതിന്റെ വിശദാംശങ്ങള്‍ സുഭാഷിന് വെളിപ്പെടുത്താന്‍ കഴിയില്ലാത്തതുകൊണ്ട് നമുക്കവരുടെ പേരുകള്‍ ഊഹിച്ചെടുക്കാനേ നിര്‍വ്വാഹമുള്ളൂ.

നാട്ടില്‍ ചിത്രകലാപഠനത്തിനുശേഷം മുംബൈയിലെത്തിയ ഇദ്ദേഹം, ജുവലറി ഡിസൈനിംഗ് എന്ന മേഖലയിലേക്ക് എത്തുന്നത് നന്നേ ചെറുപ്പത്തില്‍ തന്നെയാണ്. ഒരു പത്രപരസ്യം കണ്ട്, കോത്താരീസ് ഫൈന്‍ ജുവല്‍സില്‍ ഇന്റര്‍വ്യൂവിനെത്തിയ സുഭാഷിന്, അപ്പോള്‍ തന്നെ അവിടെ നിയമനം ലഭിക്കുകയായിരുന്നു. ഈ മേഖലയുടെ പ്രത്യേകതകള്‍ ഒന്നുമറിയാതിരുന്ന സുഭാഷ്, സ്വന്തം കഠിനപ്രയത്‌നം കൊണ്ടാണ് മികച്ച ഒരു ഡിസൈനറായി വളര്‍ന്നത്. മുഗള്‍ കാലഘട്ടത്തിലുള്ള ആഭരണ കലകളില്‍ വളരെ താല്പര്യമുള്ള ഇദ്ദേഹം, സ്വന്തം ശൈലികൂടി അതില്‍ സമന്വയിപ്പിച്ച് അനന്യ ശോഭയാര്‍ന്ന സ്‌കെച്ചുകള്‍ ചെയ്യുന്നുണ്ട്. 1930കള്‍ മുതല്‍ ഫ്രാന്‍സില്‍ ച്രചാരമേറി വന്ന ആര്‍ട്ട്-ഡെക്കോ ശൈലിയും ഇദ്ദേഹത്തിന് പ്രിയംകരമായതിനാല്‍ മുഗള്‍ ചിത്രരചനയുടേയും ആര്‍ട്ട്-ഡെക്കോ കലയുടേയും സങ്കലനത്തിലൂടെ വളരെ സവിശേഷതയാര്‍ന്ന ഒരു ഡിസൈന്‍ ഇദ്ദേഹം ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ അത് സുഭാഷിന്റെ മാത്രം സംഭാവനയാണ്. ഈ സ്ഥാപനത്തിന്റെ ഓരോ ആഭരണവും വ്യക്തിഗതമാണ് എന്നുള്ളതുകൊണ്ട് തന്നെ ആവര്‍ത്തനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചാണ് ഓരോന്നും ഡിസൈന്‍ ചെയ്യേണ്ടിവരുന്നത് എന്ന് സുഭാഷ് വ്യക്തമാക്കുന്നു.
സാഹിത്യത്തിലെ സുല്‍ത്താനായിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ താമസിച്ചിരുന്ന തലയോലപ്പറമ്പ് ജംഗ്ഷനു സമീപം തന്നെയാണ് ആഭരണകലയിലെ ഈ സുല്‍ത്താന്റേയും വീട്. പരേതനായ സദാശിവന്‍ നായരുടേയും സരളാദേവിയുടേയും പുത്രനാണ് സുഭാഷ്. ചലച്ചിത്ര സംവിധായകനായ എം.പി.സുകുമാരന്‍ നായരുടെ സഹോദരീ പുത്രിയായ പ്രമീള നായരാണ് സുഭാഷിന്റെ പത്‌നി. മകള്‍ കാര്‍ത്തിക, മരുമകന്‍ അജയ്‌മോഹന്‍.

Related Articles

Back to top button