BREAKING NEWSKERALA

ഹൈക്കമാന്‍ഡ് എന്നാല്‍ വേണുഗോപാല്‍; തൃപ്തി കൊണ്ടല്ല തുടരുന്നത്: കെ. സുധാകരന്‍

കണ്ണൂര്‍: ഹൈക്കമാന്‍ഡ് എന്നു പറഞ്ഞാല്‍ സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ അല്ല, കെ.സി.വേണുഗോപാലാണെന്നു കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വേണുഗോപാലിന് അദ്ദേഹത്തിന്റേതായ താല്‍പര്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ കുറേ ആളുകളെ പട്ടികയില്‍ കയറ്റി. വര്‍ക്കിങ് പ്രസിഡന്റ് എന്ന ആലങ്കാരിക പദവി തനിക്ക് ആവശ്യമില്ല. ഇപ്പോള്‍ രാജിവയ്ക്കാത്തതു തിരഞ്ഞെടുപ്പ് വിജയത്തിനു മങ്ങലേല്‍ക്കാന്‍ കാരണക്കാരനാകരുത് എന്നു കരുതിയാണ്. തൃപ്തികൊണ്ടല്ല തുടരുന്നത് സുധാകരന്‍ തുറന്നടിച്ചു.
കാര്യക്ഷമതയും വിജയസാധ്യതയും നോക്കി, നിഷ്പക്ഷമായ പട്ടിക താന്‍ കൊടുത്തിരുന്നു. അതില്‍ വലിയ ശതമാനം പേര്‍ തള്ളിപ്പോയി. എന്തുകൊണ്ടു തള്ളിയെന്നു ബോധ്യപ്പെടുത്തിയില്ല. വേറെ പേര് വന്നപ്പോള്‍ മാത്രമാണു തള്ളിപ്പോയ കാര്യം അറിഞ്ഞത്. വിജയസാധ്യതയെക്കാള്‍ വേണ്ടപ്പെട്ടവര്‍ എന്ന പരിഗണനയാണു നേതാക്കള്‍ നല്‍കിയത്. എഐസിസി നേതൃത്വത്തെ നേര്‍വഴി കാണിക്കാന്‍ സ്‌ക്രീനിങ് കമ്മിറ്റിയില്‍ അംഗങ്ങളാക്കിയ കേരളത്തിലെ നേതാക്കള്‍ അവരെ വഴി തെറ്റിക്കുകയാണുണ്ടായത്.
ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കാണ്. കെപിസിസി പ്രസിഡന്റും കമ്മിറ്റിയിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കുറ്റം പറയുന്നില്ല. ഈ നേതാക്കള്‍ പറയുന്നതു കേട്ട് ശാന്തമായി മാറിനില്‍ക്കുന്നയാളാണു മുല്ലപ്പള്ളി. ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നിരാശയുണ്ടാക്കിയ സ്ഥാനാര്‍ഥിപ്പട്ടികയാണിത്. പട്ടിക വന്നതിനുശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടു.
ഗ്രൂപ്പ് നോക്കി സ്ഥാനം നല്‍കണമെന്ന് നിര്‍ബന്ധം പിടിക്കാനാകില്ല. എങ്കില്‍പോലും ഒരു ഗ്രൂപ്പിന് അവകാശപ്പെട്ടത് ആ ഗ്രൂപ്പിനു നല്‍കുകയാണു പതിവ്. ഇരിക്കൂറില്‍ അതു ലംഘിക്കപ്പെട്ടു. തീരുമാനമെടുത്ത സമിതിയില്‍ ഉമ്മന്‍ചാണ്ടിയുമുണ്ടായിരുന്നു. സ്വാഭാവികമായി എ വിഭാഗം അസ്വസ്ഥരായി. ഇനി അവര്‍ക്കു നീതി ലഭിക്കുമെന്നു കരുതുന്നില്ല. കെ.വി.ഗോപിനാഥിനെ കാണാന്‍ ഉമ്മന്‍ചാണ്ടി പോകേണ്ട കാര്യമില്ല. തന്നോടു പറഞ്ഞതു മാത്രമേ ഗോപിനാഥിന് ഉമ്മന്‍ചാണ്ടിയോടും പറയാനുണ്ടാകൂ. പ്രശ്‌നപരിഹാരത്തിന് അവര്‍ നിര്‍ദേശിച്ച ഫോര്‍മുലകളില്‍ ഒന്ന് അംഗീകരിച്ചാല്‍ തീരുന്ന പ്രശ്‌നമേ അവിടുള്ളൂ. അരമണിക്കൂറിന്റെ കാര്യമേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ അതിനും സമയമില്ലെന്നാണു നേതൃത്വം പറഞ്ഞത്. നേതൃത്വത്തിന്റെ പരാജയമാണിത്.
രാവും പകലും പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച ലതികാ സുഭാഷിന്റെ വികാരവും പ്രതിഷേധവും ന്യായമാണ്. അവര്‍ക്കു സീറ്റ് നല്‍കാത്തതിനു കോണ്‍ഗ്രസ് നേതൃത്വം ഘടകകക്ഷിയെ പഴിക്കുന്നതില്‍ കാര്യമില്ല. കോണ്‍ഗ്രസിന്റെ തീരുമാനം ഘടകകക്ഷിയെ അംഗീകരിപ്പിക്കുന്നതിലാണു നേതൃ ഗുണം. മട്ടന്നൂരില്‍ ആര്‍എ!സ്പി സ്ഥാനാര്‍ഥിയെ തിരുകിവച്ചത് താന്‍ ഉള്‍പ്പെടെ ജില്ലയിലെ ഒരു നേതാവിനോടും ആലോചിച്ചിട്ടല്ല. ആ മണ്ഡലത്തില്‍ ആര്‍എസ്പിക്ക് ആരുമില്ല.
അങ്ങനെയുള്ളവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എങ്ങനെ തലയില്‍ വച്ചു നടക്കും? പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ പ്രയാസമാണ്. സിപിഎം കോട്ടകളിലെ പാര്‍ട്ടി ഘടകങ്ങള്‍ ദുര്‍ബലമാവുകയാണ്. തളിപ്പറമ്പില്‍ കഴിഞ്ഞ തവണ സംഭവിച്ചത് ഇത്തവണ മട്ടന്നൂരില്‍ സംഭവിക്കും. തിരുവിതാംകൂറിലെ ആളുകളെ കൊണ്ടുവന്ന് മലബാറില്‍ അടിച്ചേല്‍പ്പിക്കുന്നത് എന്തിനാണ്. അവിടെയും ജില്ലകളില്ലേ? താന്‍ വര്‍ക്കിങ് പ്രസിഡന്റ് എന്നാണു പറയുന്നത്. എന്നാല്‍ സ്വന്തം ജില്ലയിലെ കാര്യം പോലും ചര്‍ച്ച ചെയ്യുന്നില്ല. ദുഃഖപൂര്‍ണമാണ്. ഇപ്പോള്‍ ഇത്രയേ പറയുന്നുള്ളൂ. ബാക്കി വോട്ടടുപ്പിനുശേഷം പറയും.
പതിനയ്യായിരത്തിനു മുകളില്‍ ഭൂരിപക്ഷം കിട്ടുന്ന കണ്ണൂര്‍ മണ്ഡലം വിട്ട് ഉദുമയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അവിടെ മത്സരിച്ചയാളാണു താന്‍. എന്നാല്‍ ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ ആലോചിച്ചിട്ടില്ലെന്നു സുധാകരന്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker