BREAKING NEWSKERALA

മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് കെ.സുധാകരനെ പരിഗണിക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കെ.സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരത്തിലൊരു വാര്‍ത്ത എങ്ങനെയാണ് ഉണ്ടായതെന്ന് അറിയില്ലെന്നും പറഞ്ഞു. ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ബുധനാഴ്ചയും വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് ജില്ലാ നേതാവ് സി. രഘുനാഥിനെ സ്ഥാനാര്‍ഥിയായി ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പട്ടിക പുറത്തുവന്നപ്പോള്‍ ധര്‍മ്മടം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രഘുനാഥിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വതന്ത്രയായി മത്സരിക്കുന്നുണ്ടെങ്കിലും മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് അവരെ പിന്തുണയ്ക്കാത്തതെന്നും സുധാകരന്‍ വ്യക്തമാക്കി.
വാളയാര്‍ സഹോദരിമാരുടെ അമ്മയ്ക്ക് പിന്തുണ നല്‍കുന്നകാര്യം പരിഗണനയില്‍ ഉണ്ടെന്നാണ് കെ.പി.സി.സി പ്രസിഡന്റ് ആദ്യം പറഞ്ഞത്. ധര്‍മ്മടം സീറ്റ് ഫോര്‍വേഡ് ബ്‌ളോക്കിന് നല്‍കുകയും അവരുടെ ദേശീയ ജനറല്‍ സെക്രട്ടറി ജി. ദേവരാജനോട് മത്സരിക്കണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാര്‍ട്ടി അനുമതി നല്‍കാത്തത് കൊണ്ട് മത്സരിക്കാനില്ലെന്ന് ദേവരാജന്‍ വ്യക്തമാക്കിയിരുന്നു.
വാളയാര്‍ സഹോദരിമാരുടെ അമ്മയ്ക്ക് യു.ഡി.എഫ് പിന്തുണ നല്‍കിയാല്‍ വിമതനായി മത്സരിക്കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറിയായ സി.രഘുനാഥ് നേതാക്കളോട് പറഞ്ഞിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker