ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഒരു മാസം കൂടി കാത്തുനില്ക്കും എന്നിട്ടും വന്നില്ലെങ്കില്‍ ആലപ്പുഴ ബൈപ്പാസ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്. ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം തെരഞ്ഞെടുപ്പിന് മുമ്പ് നടത്തണമെന്നാണ് സര്‍ക്കാരിന്റെ പക്ഷം.
ഇതോടൊപ്പം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ തന്നെ മത്സരിക്കുമെന്ന് സൂചനയും സുധാകരന് നല്കി. കായംകുളത്തേക്ക് പോകുമെന്നു ചോദിച്ചപ്പോള്‍ കാലുവാരി തോല്‍പ്പിച്ച കായംകുളത്ത് തല്ലിക്കൊന്നാലും പോകുമോ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. നിലവിലെ കായംകുളം എംഎല്‍എ എല്ലാം നന്നായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ഇലക്ഷനില്‍ ഒരു കാര്യവുമില്ലാതെയാണ് കാല് വാരി തോല്‍പ്പിച്ചത്. അവിടെ ആ സംസ്കാരത്തിന് ഇപ്പോഴും മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
കായംകുളത്തെ ഇപ്പോഴത്തെ എംഎല്‍എയ്ക്ക് എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. അവിടുത്തെ എംഎല്‍എ യു. പ്രതിഭ ഒരു ടേമേ ആയിട്ടുള്ളൂ. അവര്‍ എല്ലാം നന്നായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുട്ടേല്‍ പാലത്തിന്റെ ഉദ്ഘാടന പോസ്റ്ററില്‍ യു. പ്രതിഭ എംഎല്‍എയുടെ പേരില്ലാത്തത് തെറ്റായിപ്പോയെന്നും ഇത്തരം നീക്കം ശത്രുക്കളെ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതിഭയെ ഒഴിവാക്കാനുള്ള നീക്കത്തില്‍ പങ്കുചേരില്ലെന്ന സൂചനയാണ് ജി. സുധാകരന് നല്‍കിയത്.