BREAKINGKERALA

തിരുത്തല്‍ പിണറായിയില്‍ നിന്നാരംഭിക്കണം, കാരണഭൂതനെ കൈവിടാതെ ചുമക്കുന്നത് ലാഭവിഹിതം കൈപറ്റിയവരെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അണികള്‍ ചോരയും നീരയും നല്‍കി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്റേയും ഭരണത്തിന്റേയും തലപ്പത്തിരിക്കുന്നവര്‍ ചീഞ്ഞുനാറുന്നത് തിരുത്തല്‍ യജ്ഞക്കാര്‍ കണ്ടില്ലെന്ന് നടിച്ചെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ യഥാര്‍ത്ഥ പരാജയ കാരണങ്ങളിലേക്കു കടക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷണം ഒരുക്കാനുമാണ് തിരുത്തല്‍ യജ്ഞം നടത്തിയത്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ യഥാര്‍ത്ഥ തിരുത്തല്‍ പ്രക്രിയയ്ക്കു തുടക്കം കുറിക്കണമെന്നും അതു പിണറായില്‍നിന്നായിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
എല്‍ഡിഎഫിന്റെ ദയനീയ പരാജയത്തിന്റെ കാരണഭൂതന്‍ മുഖ്യമന്ത്രിയാണെന്ന് സിപിഐയുടെയും സിപിഎമ്മിന്റേയും ജില്ലാ യോഗങ്ങള്‍ വരെ ചൂണ്ടിക്കാട്ടിയത് സംസ്ഥാന യോഗത്തിലേക്കു ചര്‍ച്ചയ്‌ക്കെടുക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എകെജി സെന്ററിനു കാവല്‍നിന്നു. മുഖ്യമന്ത്രിയെ കത്തുന്ന സൂര്യനെപ്പോലെ കരുതുന്ന ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എന്നതിനേക്കാള്‍ പിണറായി വിജയന്റെ പണപ്പെട്ടിയുടെ സൂക്ഷിപ്പുകാരന്‍ എന്ന നിലയിലേക്ക് തരംതാണു. പാര്‍ട്ടിയില്‍നിന്ന് അടപടലം വോട്ട് മറിഞ്ഞിട്ടും തിരുത്തലിനു തയാറാകാതെ കാരണഭൂതനെ കൈവിടാതെ ചുമക്കുന്നത് ലാഭവിഹിതം പങ്കുപറ്റിയവരാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
തലനാരിഴ കീറി പരാജയകാരണങ്ങള്‍ പരിശോധിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പതിവുപോലെ കേന്ദ്രത്തെയും ചില സംഘടനകളെയും വിഭാഗങ്ങളെയുമൊക്കെ കുറ്റപ്പെടുത്തി തലയൂരി. തോല്‍വിയുടെ യഥാര്‍ത്ഥ കാരണമായ മുഖ്യമന്ത്രിയുടെ ധിക്കാരം, അഴിമതി, ആര്‍ഭാടം, വിദേശയാത്രകള്‍, ജനങ്ങളോടുള്ള പുച്ഛം തുടങ്ങിയവയൊന്നും ചര്‍ച്ചയ്ക്കു വരാതെ പാര്‍ട്ടി സെക്രട്ടറി സംരക്ഷിച്ചു. പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ നടക്കുന്ന ബോംബ് നിര്‍മാണവും ബോംബു സ്‌ഫോടനവുമൊക്കെ പാര്‍ട്ടി മാത്രം കാണുന്നില്ല. അതിനെതിരേ രംഗത്തുവരുന്ന സ്ത്രീകളെപ്പോലും ഭീഷണിപ്പെടുത്തുന്നു. എസ്എഫ്‌ഐ ഗുണ്ടകളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സിദ്ധാര്‍ത്ഥിനെപ്പോലുള്ളവരുടെ നിലവിളി കേള്‍ക്കാന്‍ സിപിഎമ്മിനു കഴിയുന്നില്ല.
ഇന്ത്യാമുന്നണിയുടെ ഭാഗമായിരിക്കെ മുഖ്യമന്ത്രി, രാഹുല്‍ ഗാന്ധിക്കെതിരേ നടത്തിയ ക്രൂരമായ പരാമര്‍ശങ്ങള്‍പോലും തിരുത്താന്‍ തയാറല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിണറായിയെ പിന്തുണച്ച ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനിയെ വിവരദോഷിയെന്ന് പിണറായി വിജയന്‍ വിളിച്ചത് 19 സീറ്റില്‍ തോറ്റതിനു ശേഷമാണ്. ഇതേ രീതിയിലാണ് 99 സീറ്റില്‍ ജയിപ്പിച്ചുവിട്ട ജനങ്ങളോടുള്ള പെരുമാറ്റമെന്നും ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ സിപിഎമ്മിന്റെ ശവക്കുഴി തോണ്ടുമെന്നും സുധാകരന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button