KERALALATEST

പ്രകൃതിക്കു വേണ്ടി തൈ നട്ട അമ്മ…

”ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി
ഒരു തൈ നടാം കൊച്ചു മക്കള്‍ക്ക് വേണ്ടി
ഒരു തൈ നടാം നൂറു കിളികള്‍ക്ക് വേണ്ടി
ഒരു തൈ നടാം നല്ല നാളേക്കു വേണ്ടി”

പ്രകൃതിക്ക് നോവുമ്പോഴെല്ലാം മലയാളി കേട്ട പ്രവചന സ്വരമായിരുന്നു സുഗത കുമാരി. സാംസ്‌കാരിക കേരളത്തിന്റെ മനസാക്ഷിയെ പ്രകൃതി സംരക്ഷണത്തില്‍ അണിചേര്‍ക്കുക മാത്രമല്ല , ജയിച്ചതും തോറ്റതുമായ അസംഖ്യം സമരങ്ങളുടെ അരങ്ങിലും അണിയറയിലും നിന്ന് സമര വീര്യത്തിന് കൂടിയാണ് തിരശീല വീഴുന്നത്

”എന്റെ വഴിയിലെ വെയിലിനും നന്ദി..
എന്റെ ചുമലിലെ ചുമടിനും നന്ദി..
എന്റെ വഴിയിലെ തണലിനും
മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി..
വഴിയിലെ കൂര്‍ത്ത നോവിനും നന്ദി.”

ബോധേശ്വര പൈതൃകത്തില്‍ നിന്ന് പകര്‍ന്നു കിട്ടിയ ഓംകാര മന്ത്രത്തിന്റെ കരുത്തിലേക്ക് അതീവ മനോഹരമായ അക്ഷരങ്ങളെ കൊരുത്തിട്ട കവി മാത്രമായിരുന്നില്ല മലയാളിക്ക് സുഗത കുമാരി. പുതുമഴ കണ്ട് വരള്‍ച്ചയും പാല്‍ചിരി കണ്ട് മൃതിയും മറന്ന്, പാവം മാനവ ഹൃദയത്തെ താലോലിച്ചിരുന്ന കവി ഒരുനാള്‍ പൊടുന്നനെ പരിസ്ഥിതി പ്രവര്‍ത്തകയായി. എഴുപതുകളുടെ അവസാനം നിശബ്ദ താഴ്വയരിയില്‍ നാമ്പിട്ട അതി നിസ്സഹായമായ പ്രതിഷേധ വാര്‍ത്ത കേട്ട് ഉള്ളു പൊള്ളിയപ്പോള്‍ ഇടപെടാതിരിക്കാന്‍ സുഗതകുമാരിക്ക് കഴിയില്ലായിരുന്നു.
വരു ഇവിടൊരു കവിയുടെ കുറവുണ്ടെന്ന സൈലന്റ് വാലി പ്രതിഷേധക്കാരുടെ ക്ഷണം കേട്ട് വെറുതെ ചെന്നിരിക്കുകയായിരുന്നില്ല, വിളിച്ചാല്‍ വരുന്നവരേയും കണ്ടാലറിയുന്നവരേയും എല്ലാം സുഗതകുമാരി കൂടെ കൂട്ടി. സൈലന്റ് വാലിയെ സംരക്ഷിക്കാന്‍ സാംസ്‌കാരിക കേരളത്തെ അവര്‍ ഐക്യപ്പെടുത്തി. പ്രണായാര്‍ദ്രമായിരുന്ന കവിതകള്‍ അവിടുന്നിങ്ങോട്ട് പ്രതിഷേധ പടച്ചട്ടയണിഞ്ഞ് കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ചു. ഭരണകൂടത്തിന് മുട്ടുമടക്കാതെ തരമില്ലായിരുന്നു, കേരളത്തിന്റെ സ്‌നേഹച്ചൂടില്‍ കുന്തിപ്പുഴ ശാന്തമായി ഒഴുകി, സൈരന്ധിയിലെ മഴക്കാടുകള്‍ മനസ്സറിഞ്ഞു നിശ്വസിച്ചു , സമരം ജയിച്ചു. പിന്നെ സൈലന്റ് വാലി ഒരു പ്രതീകമായി . കവിയും കലാകാരനും പരിസ്ഥിതി സ്‌നേഹിയും എല്ലാം കൈകോര്‍ത്തപ്പോള്‍ കേരളത്തിന് കാവലിരിക്കാന്‍ പ്രകൃതി സംരക്ഷണ സമിതി ഉണ്ടായി
പിന്നീട് പതിറ്റാണ്ടുകള്‍ പലത് പെയ്‌തൊഴിഞ്ഞെങ്കിലും തുടങ്ങി വച്ചതൊന്നും വഴിയിലവര്‍ ഉപേക്ഷിച്ച് കളഞ്ഞില്ല. പ്രകൃതിക്ക് നൊന്തപ്പോഴെല്ലാം തൂലിക പടവാളായി. എണ്ണിയാലൊടുങ്ങാത്ത സമര മുഖങ്ങളില്‍ സുഗത കുമാരിക്ക് പിന്നില്‍ കേരള മനസാക്ഷി അണിനിരന്നു. കവി പാടിയ പോലെ മംഗളശ്യാമ മഹാവിപിനങ്ങളും മാറുചേര്‍ന്നൊഴുകുന്ന പുഴയുമെന്ന പോലെ പലപ്പോഴും പ്രകൃതിയും പെണ്ണും ഇഴചേര്‍ന്നു. പൂയംകുട്ടിയും ജീരകപ്പാറയും തുടങ്ങി മൂവൂരും കൂടംകുളവും വിളപ്പില്‍ ശാലയും വരെ. എത്രയെത്ര പ്രതിഷേധങ്ങള്‍ , തുറന്നെഴുത്തുകള്‍ മുതല്‍ മഹാമൗനങ്ങള്‍ വരെ എന്തൊക്കെ തരം സമര രീതികള്‍ ? അവസാനമവസാനം ആറന്‍മുളയിലെ പാടം നികത്തി വിമാനത്താവളം പണിയാനിറങ്ങിയപ്പോള്‍ വരെ അനാരോഗ്യത്തോട് പടവെട്ടി സുഗത കുമാരി വയല്‍ വരമ്പല്‍ കാവലിരുന്നു
എന്റെ കൂടപ്പിറപ്പുകളേ നിങ്ങളെന്‍ ലോകത്തെ എന്തുചെയ്തു എന്ന് നിരന്തരം കലഹിച്ചു. ഒരു പിടി മണ്ണ് സംരക്ഷിക്കാത്തവന്‍ ഒരു കുമ്പിള്‍ ജലം സംരക്ഷിക്കാത്തവന്‍ എങ്ങനെയാണ് ഒരു സംസ്‌കാരത്തെ സംരക്ഷിക്കുന്നതെന്ന് വേവലാതിപ്പെട്ടു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker