‘സര്‍ക്കാരിന്റെ ഒരു ഔദ്യോഗിക ബഹുമതികളും വേണ്ട, മരണശേഷം ഒരു പൂവും എന്റെ ദേഹത്തു വെക്കരുത്. മതപരമായ വലിയ ചടങ്ങുകലും വേണ്ട, എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.’ മരണാനന്തരം തനിക്ക് വേണ്ടതെന്തെന്ന് കവി സുഗതകുമാരി മുന്‍കൂട്ടി തന്നെ പറഞ്ഞിരുന്നു. ആരെയും കാത്തു നില്ക്കേണ്ടതില്ലെനന്നും കഴിയുന്നത്ര വേഗത്തില്‍ ശാന്തികവാടത്തില്‍ സംസ്കരിച്ചാല്‍ മതിയെന്നുമായിരുന്നു സുഗതകുമാരി ഒസ്യത്തില്‍ എഴുതി വെച്ചത്
ജീവിച്ചിരുന്നപ്പോള്‍ അര്‍ഹമല്ലാത്തത് അടക്കം പല ബഹുമതികളും കിട്ടി. ഇനി ആദരവിന്റെ ആവശ്യമില്ലെന്ന് സുഗതകുമാരി വ്യക്തമാക്കി. ഹൃദ്രോഗബാധയെത്തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്നതിനിടെയായിരുന്നു സുഗതകുമാരി ഇക്കാര്യം പറഞ്ഞത്.
കൊവിഡ് രോഗബാധയെത്തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതീവഗുരുതരാവസ്ഥയിലായിരുന്നു സുഗതകുമാരി. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു തിരുവവന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടര്‍ന്നിരുന്നത്. വൈറസ് ബാധയെത്തുടര്‍ന്ന് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും താറുമാറായിരുന്നു.കൊവിഡ് സാഹചര്യത്തില്‍ പത്മശ്രീ അവാര്‍ഡ് ജേതാവ് കൂടിയായ കവയിത്രിയ്ക്ക് വലിയ യാത്രയയപ്പ് ഉണ്ടായേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പഴയ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.
അതീവലളിതമായി തന്റെ ശവസംസ്കാരം നടത്തണമെന്ന് സുഗതകുമാരി വ്യക്തമാക്കിയിരുന്നു. ‘ഒരാള്‍ മരിച്ചാല്‍ റീത്തുകളും പുഷ്പചക്രങ്ങളുമൊക്കെയായി പതിനായിരക്കണക്കിന് രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. ശവപുഷ്പങ്ങള്‍ എനിക്ക് വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട. ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്നേഹം തരിക. അതുമാത്രം മതി.’ സുഗതകുമാരി വ്യക്തമാക്കി.
ആശുപത്രിയില്‍ വെച്ചാണ് മരിക്കുന്നതെങ്കില്‍ എത്രയും വേഗം മൃതദേഹം വീട്ടില്‍ കൊണ്ടുവരണം. തൈക്കാട്ടെ ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്ത് സംസ്കരിക്കണം. ആരെയും കാത്തുനില്‍ക്കരുത്. പോലീസുകാര്‍ ആചാരവെടി മുഴക്കരുത്. ഇങ്ങനെയാണ് തന്റെ സംസ്കാരത്തെപ്പറ്റി സുഗതകുമാരി ഒസ്യത്തില്‍ കുറിച്ചിരിക്കുന്നത്.
‘ശാന്തികവാടത്തില്‍ നിന്നു കിട്ടുന്ന ഭസ്മം ശംഖുമുഖം കടലിലൊഴുക്കണം. സഞ്ചയനവും പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവങ്ങള്‍ക്ക് ആഹാരം കൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്, അതു മതി.’ സുഗതകുമാരി പറഞ്ഞു. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ടെന്നും സുഗതകുമാരി വ്യക്തമാക്കി.
രണ്ട് തവണ ഹൃദയാഘാതമുണ്ടായ സുഗതകുമാരി ഏറെക്കാലമായി വിശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്.