ഭാഗ്യലക്ഷ്മിക്കും മിടുക്കികളായ മറ്റു രണ്ടു പെണ്‍കുട്ടികള്‍ക്കുമൊപ്പമാണ് കേരളത്തിലെ സ്ത്രീകളെല്ലാവരും തന്നെ. പക്ഷേ നിയമം ചെയ്യുന്നത് എന്താണ്? അവര്‍ക്കെതിരെ ജാമ്യം കിട്ടാത്ത, കഠിനതടവു വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നു. നീചപ്രവൃത്തി ചെയ്തയാള്‍ക്കെതിരെ ജാമ്യം കിട്ടാവുന്ന കേസും.
ഞങ്ങള്‍ സ്ത്രീകള്‍ക്കു മനസ്സിലാകുന്നില്ല. ഇതെന്താണ്? ഇതെന്തു നിയമമാണ്?
നീതിയുടെ ഭാഗത്താണു ഭാഗ്യലക്ഷ്മിയും കൂട്ടുകാരികളും നില്‍ക്കുന്നത്. അവര്‍ക്കൊപ്പമാണു ഞങ്ങളും.
നിയമത്തിന്റെ കുരുക്കുകളെക്കുറിച്ചു മാത്രം പറഞ്ഞാല്‍ പോരാ. നിയമം ദുര്‍ബലമാവുകയാണെങ്കില്‍ സ്ത്രീകള്‍ നിയമം കയ്യിലെടുക്കുന്ന കാലം വരും. അത് അവരെക്കൊണ്ടു ചെയ്യിക്കരുത്. അതിശക്തമായി നിയമം നടപ്പാക്കണം.
സ്ത്രീകള്‍ക്കു വേണ്ട സംരക്ഷണം നല്‍കുക എന്നതാണു ഭരണകൂടത്തിന്റെ കടമ. എല്ലാ അവഹേളനവും പീഡനവും ഏറ്റുവാങ്ങി സ്ത്രീകള്‍ സര്‍വംസഹകളായി, നിശ്ശബ്ദരായി ഇരിക്കുന്ന കാലം എന്നേ കഴിഞ്ഞിരിക്കുന്നു. അതു മനസ്സിലായില്ലേ. അവരെക്കൊണ്ടു തിരിച്ചടിപ്പിക്കരുത്.
നിയമത്തിന്റെ കാര്‍ക്കശ്യം കുറേക്കൂടി കുറ്റവാളികള്‍ അനുഭവിച്ചേ മതിയാകൂ. സ്ത്രീകളുടെ വശത്തു നില്ക്കാന് പൊലീസും സര്‍ക്കാരും നിയമവും എല്ലാം തന്നെ ബാധ്യസ്ഥമാണ്.
ഇപ്പോള്‍ നടന്ന ഈ സംഭവം സമൂഹത്തിന്റെ കണ്ണു തുറപ്പിക്കട്ടെ! കുഞ്ഞുങ്ങളേ, ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.