KERALALATEST

അങ്കമാലിയില്‍ ദമ്പതിമാരെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

അങ്കമാലി: ദമ്പതിമാരായ യുവതിയെയും യുവാവിനെയും വീട്ടിലെത്തി കുത്തി പരിക്കേല്‍പ്പിച്ച ശേഷം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. അങ്കമാലി മുന്നൂര്‍പ്പിള്ളി മാരേക്കാടന്‍ (പറപ്പിള്ളി) വീട്ടില്‍ പരേതനായ ശിവദാസന്റെ മകന്‍ നിഷില്‍ (31) ആണ് മരിച്ചത്. പാലിശ്ശേരി പാദുവാപുരം വാഴക്കാല വീട്ടില്‍ ഡൈമിസ് ഡേവിസ് (34), ഭാര്യ ഫിഫി (28) എന്നിവര്‍ക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം രണ്ടോടെയായിരുന്നു സംഭവം.
കത്തിയും പെട്രോളുമായാണ് നിഷില്‍ ഇരുചക്രവാഹനത്തില്‍ ഡൈമിസിന്റെ വീട്ടിലെത്തിയത്. നിഷില്‍ എത്തുമ്പോള്‍ ഡൈമിസും ഫിഫിയും വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി പോയിരിക്കുകയായിരുന്നു. ഇരുവരും എത്തുന്നതുവരെ നിഷില്‍ വീടിന്റെ പിന്നില്‍ കാത്തിരുന്നു. വീട്ടിലെ നായയ്ക്ക് ചോറു നല്‍കാന്‍ വീടിന്റെ പിന്‍ഭാഗത്തേക്കു ചെന്ന ഫിഫിയെയാണ് ആദ്യം കുത്തിയത്. തടയാന്‍ ചെന്ന ഡൈമിസിനെയും നിഷില്‍ ആക്രമിച്ചു. ഫിഫിക്ക് കഴുത്തിന്റെ പിന്നിലും ഡൈമിസിന് വയറിലുമാണ് കുത്തേറ്റിരിക്കുന്നത്. ഇരുവരെയും കുത്തിയ ശേഷം നിഷില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. തുടര്‍ന്ന് മുറ്റത്ത് കിടന്നിരുന്ന കാറില്‍ കയറാന്‍ ശ്രമിച്ചെങ്കിലും കുഴഞ്ഞുവീണു. കാറ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാര്‍ മൂവരെയും ആശുപത്രിയിലെത്തിച്ചു. ഡൈമിസിനെയും ഫിഫിയെയും കറുകുറ്റി അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരും അപകടനില തരണം ചെയ്തു. അങ്കമാലിയിലെ ആശുപത്രിയില്‍നിന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് നിഷില്‍ മരിച്ചത്.
നിഷില്‍ മാസങ്ങള്‍ക്കു മുമ്പ് ഡൈമിസിന്റെ വീട്ടില്‍ ടൈല്‍ വിരിക്കുന്ന ജോലിക്കായി വന്നിട്ടുള്ളതാണ്. ഒരാഴ്ച മുമ്പ് നിഷില്‍ ഡൈമിസിന്റെ വീട്ടിലെത്തിയിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റവും കൈയേറ്റവും നടന്നു. ഇതുമായി ബന്ധപ്പെട്ട് ഡൈമിസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രമണിയാണ് നിഷിലിന്റെ അമ്മ. സഹോദരി: നിമ.

Related Articles

Back to top button