ന്യൂഡല്‍ഹി: കര്‍ഷക സംഘടനാ നേതാവ് ബല്‍ദേവ് സിങ് സിര്‍സ ഉള്‍പ്പെടെ നാല്‍പ്പതു പേരെ എന്‍.ഐ.എ. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശിരോമണി അകാലിദള്‍. കര്‍ഷക നേതാക്കളെയും കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്നവരെയും ഭയപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ ശക്തമായി അപലപിക്കുന്നെന്ന് ശിരോമണി അകാലി ദള്‍ നേതാവും എം.പിയുമായ സുഖ്ബിര്‍ സിങ് ബാദല്‍ ട്വീറ്റ് ചെയ്തു.
എന്‍.ഐ.എയുടെയും ഇ.ഡിയുടെയും ചോദ്യംചെയ്യലിന് വിളിപ്പിച്ച് കര്‍ഷക നേതാക്കളെയും സമരത്തെ പിന്തുണയ്ക്കുന്നവരെയും ഭയപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ ശക്തമായി അപലപിക്കുന്നു. അവര്‍ രാജ്യവിരുദ്ധരല്ല. ഒമ്പതാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതിനു പിന്നാലെ കര്‍ഷകരെ മുഷിപ്പിക്കാന്‍ മാത്രമുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇതെന്ന് വ്യക്തമാണ്, സുഖ്ബിര്‍ സിങ് ബാദല്‍ ട്വീറ്റില്‍ പറഞ്ഞു.
നിരോധിത സംഘടനയായ എസ്.എഫ്.ജെ. (സിഖ്സ് ഫോര്‍ ജസ്റ്റിസ്)യുമായി ബന്ധപ്പെട്ട കേസിലാണ് സിര്‍സ ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്‍.ഐ.എ. സമന്‍സ് അയച്ചിരിക്കുന്നത്. സിര്‍സയെ കൂടാതെ കാര്‍ഷിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പഞ്ചാബി നടന് ദീപക് സിദ്ധു, സന്നദ്ധ സംഘടനയായ ഖല്‍സ എയ്ഡ് ജീവനക്കാര്‍ തുടങ്ങിയവരും എന്‍.ഐ.എ. വിളിപ്പിച്ചവരുടെ പട്ടികയിലുണ്ട്.
കേസുമായി ബന്ധപ്പെട്ട് സാക്ഷികളെന്ന നിലയിലാണ് സിര്‍സ ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്‍.ഐ.എ. സമന്‍സ് അയച്ചിട്ടുള്ളത്. സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്തിരുന്നവരാണ് ഖല്‍സ എയ്ഡ്. തങ്ങള്‍ എന്‍.ഐ.എയോട് സഹകരിക്കുമെന്ന് ഖല്‍സ എയ്ഡ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.