BREAKING NEWSKERALALATEST

വിജയരാഘവന്‍ മറുപടിയര്‍ഹിക്കുന്നില്ല; സാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രി: എന്‍എസ്എസ്

ചങ്ങനാശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ലേഖനം മറുപടി അര്‍ഹിക്കാത്തതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തിരഞ്ഞെടുപ്പ് ദിവസം പറഞ്ഞതില്‍ രാഷ്ട്രീയമോ ജാതീയമോ മതപരമോ ആയ ഒന്നുമില്ല. വിഷയത്തിന് മതസാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രിയാണ്. പൊള്ളത്തരം ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ പ്രതികരിച്ചത്. അല്ലാതെ പ്രസ്താവന നടത്തുകയായിരുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ മതസാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രിയാണ്. തിരഞ്ഞെടുപ്പ് ദിവസം അയ്യപ്പനും ദേവഗണങ്ങളും തങ്ങള്‍ക്കൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍.എസ്.എസിനെ സിപിഎം വളഞ്ഞവഴിയില്‍ ഉപദേശിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് അടക്കം എല്ലാ സംഘടനകളുമായും ഒരേവിധത്തിലുള്ള സൗഹൃദമാണ് തങ്ങള്‍ക്കുള്ളതെന്നും സുകുമാരന്‍ നായര്‍ പറയുന്നു. ഏതെങ്കിലും സംഘടനയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ എന്‍എസ്എസിന് ഏതെങ്കിലും തരത്തിലുള്ള അടുപ്പക്കൂടുതലോ അകല്‍ച്ചയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരേ വിമര്‍ശനം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനമെഴുതിയിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സുകുമാരന്‍ നായര്‍ നടത്തിയ അതിരുവിട്ട പ്രതികരണങ്ങള്‍ ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയമായിരുന്നു. അതൊന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സമുദായം അംഗീകരിക്കില്ലെന്ന് വിജയരാഘവന്‍ ലേഖനത്തില്‍ പറയുന്നു.
മതവിശ്വാസം തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ യുഡിഎഫും ബിജപിയും മത്സരിക്കുന്നതാണ് കണ്ടത്. ആര്‍.എസ്.എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവല്‍ക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാന്‍ സമുദായ സംഘടനകള്‍ ശ്രമിക്കുന്നത്, അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താല്‍പ്പര്യത്തിന് എതിരായിരിക്കുമെന്ന് സുകുമാരന്‍ നായരെപ്പോലുള്ള നേതാക്കള്‍ മനസ്സിലാക്കണമെന്നും വിജയരാഘവന്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു.

Related Articles

Back to top button