കോട്ടയം: ജാതിസംവരണം അവസാനിപ്പിക്കണമെന്ന് എന്‍.എസ്.എസ്. ജാതിമതഭേദമന്യേ എല്ലാവരേയും ഒരുപോലെ കാണുന്ന ബദല്‍ സംവിധാനം വേണമെന്നും ആവശ്യം. എന്‍.എസ്.എസ്. ബജറ്റ് സമ്മേളനത്തിലാണ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രതികരണം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണ്. ജാതി സെന്‍സസ് നടപ്പാക്കിയാല്‍ സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് വഴിതെളിയും. ഇരു സര്‍ക്കാരുകളും മുന്നാക്ക സമുദായങ്ങള്‍ക്ക് നീതി നല്‍കാതെ അകറ്റി നിര്‍ത്തുകയാണ്- സുകുമാരന്‍ നായര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ വര്‍ഗീയസ്പര്‍ദ്ധ പടര്‍ത്തുന്നതാണെന്ന് പറഞ്ഞ അദ്ദേഹം തിരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ ഇനിയും തിരിച്ചടികളുണ്ടാവുമെന്നും കൂട്ടിച്ചേര്‍ത്തു. ബജറ്റ് അവതരിപ്പിച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് സുകുമാരന്‍ നലിപാട് അറിയിച്ചത്.
സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായ സേവനം നടത്തുന്ന സംഘടനയാണ് എന്‍.എസ്.എസ്. എന്നാല്‍ സ്‌കൂള്‍, കോളേജുകളുടെ പ്രവര്‍ത്തനം സുഗമമായി നടത്താവുന്ന സാഹചര്യമല്ല. എയ്ഡഡ് സ്‌കൂളുകളിലെ നിയമകാര്യങ്ങളിലെ ഉദ്യോഗസ്ഥരുടെ അലംഭാവം പൊറുക്കാനാവില്ല.
അഴിമതിക്കെതിരെ നടപടിയെടുക്കാതെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ മനപ്പൂര്‍വം തകര്‍ക്കുന്നു. ഇത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാവില്ല. വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതിനാണ് ജാതി സംവരണവും ജാതി സെന്‍സസും. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ജാതി സംവരണം. വോട്ടുരാഷ്ട്രീയത്തിനായിട്ടാണ് ജാതീയമായി വിഭജിക്കുന്ന ജാതി സംവരണം. അത് അവസാനിപ്പിച്ച് ജാതിമത വ്യത്യാസമില്ലാത്ത ബദല്‍സംവിധാനം നടപ്പാക്കണം- സുകുമാരന്‍ നായര്‍ പറഞ്ഞു.
1,105 1 minute read