അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്റെയും സഹയാത്രികന്‍ ബച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തില്‍. പേടകത്തിലെ തകരാര്‍ പരിഹരിക്കാത്തതാണ് മടക്കയാത്ര വൈകാന്‍ കാരണമെന്നാണ് സൂചന.
ബോയിങ് സ്റ്റാര്‍ ലൈനര്‍ പേടകത്തിലെ ഹീലിയം ചോര്‍ച്ച പൂര്‍ണ്ണമായി പരിഹരിച്ചിട്ടില്ല എന്നാണ് സൂചനകള്‍. മടക്കയാത്രയ്ക്കായി പേടകത്തിന്റെ പരിശോധനകള്‍ നടക്കുകയായിരുന്നു എന്നാണ് നാസ അറിയിച്ചിരുന്നത്. ഇന്നലെ തിരികെ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുള്ള സാധ്യതകളും തേടിയിരുന്നു. പുതിയ തിയതി സംബന്ധിച്ച് നാസ അറിയിപ്പുകള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. വിക്ഷേപണത്തിനു മുന്‍പും ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കിടയിലും പടക്കത്തില്‍ ഹീലിയം ചോര്‍ച്ച ഉണ്ടായിരുന്നു.
അതേസമയം, സുനിതയെയും വില്‍മോറിനെയും ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് കമ്പനിയുടെ ഡ്രാഗണ്‍ പേടകം ഉപയോഗിച്ച് തിരിച്ചെത്തിക്കാനുള്ള സാധ്യതയും ആലോചിക്കുന്നുണ്ട്.
നിലയവുമായി പേടകത്തെ ബന്ധിപ്പിക്കുന്ന സമയത്ത്, സര്‍വീസ് മോഡ്യൂളിലെ ത്രസ്റ്ററുകളിലും പിഴവുകള്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ ബഹിരാകാശ നിലയത്തില്‍ തുടരുന്നതിനിടയാണ്, എന്റെറോ ബക്ടര്‍ ബുഗന്‍ഡന്‍സിസ് എന്ന സൂപ്പര്‍ ബഗ് ബാക്ടീരിയകളുടെ സാന്നിധ്യം നിലയത്തില്‍ തിരിച്ചറിയുന്നത്. മടക്കയാത്രയുടെ കാരണം വിശദീകരിക്കുന്നില്ലെങ്കിലും സുനിതാ വില്യംസും ബുഷ് വില്‍ മോറും എപ്പോള്‍ ഭൂമിയിലേക്ക് എത്തും എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനവും നാസ അറിയിച്ചിട്ടില്ല.
സുനിത വില്യംസും ബുഷ് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത് ഈ മാസം ഏഴിനായിരുന്നു. പതിമൂന്നാം തിയതി മടങ്ങുമെന്നായിരുന്നു ആദ്യതീരുമാനം. പിന്നീടത് 18 ലേക്കും 23 ലേക്കും മാറ്റിയിരുന്നു. എന്നാല്‍ ബോയിങ് സ്റ്റാര്‍ ലൈനര്‍ പേടകത്തിലെ ഹീലിയം ചോര്‍ച്ച പൂര്‍ണ്ണമായി പരിഹരിച്ചിട്ടില്ലാത്തതിനാല്‍ മടക്കയാത്ര അനിശ്ചിതത്വത്തിലാണ്.
1,091 1 minute read