ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും അണുനാശിനികള്‍ ഉപയോഗിക്കരുതെന്നു സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. കെമിക്കല്‍ അടങ്ങിയ അണുനാശിനികള്‍ മനുഷ്യരില്‍ ഉപയോഗിക്കരുത്. അണുനാശിനി ടണലുകള്‍ സുപ്രീംകോടതി നിരോധിച്ചു. ഇവ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് കോടതി വ്യക്തമാക്കി.
മനുഷ്യന് ദോഷകരമായ ഫലങ്ങള്‍ കണക്കിലെടുത്ത് അള്‍ട്രാവയലറ്റ് രശ്മികളുട ഉപയോഗത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കൊറോണ ബാധിതരുടെ വീടിന് പുറത്ത് പോസ്റ്ററുകള്‍ പതിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ജീവിക്കാനുള്ള അവകാശത്തിന്റെയും സ്വകാര്യതയുടെയും ലംഘനമാണിതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അണുനാശിനികള്‍ ശരീരത്തില്‍ പ്രയോഗിക്കുന്നത് കൊവിഡില്‍ നിന്ന് സംരക്ഷണം നല്‍കില്ല എന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ലോറിന്‍ പോലുള്ള രാസവസ്തുക്കള്‍ പ്രയോഗിക്കുന്നത് കണ്ണുകള്‍ക്കും ചര്‍മ്മത്തിനും ദോഷമാണെന്നും ശ്വസനപ്രക്രിയക്കും ദഹനപ്രക്രിയക്കും ദോഷമാണെന്നും ലോകാരോഗ്യ സംഘടന പ്രതികരിച്ചിരുന്നു.
തെരുവുകളും മാര്‍ക്കറ്റുകളും ഉള്‍പ്പടെയുള്ള തുറസായ ഇടങ്ങളില്‍ അണുനാശിനി തളിക്കുന്നത് നോവല്‍ കൊറോണ വൈറസിനെ ഇല്ലാതാക്കില്ല. അണുനാശിനി പ്രയോഗം ശാരീരികമായും മാനസികമായും ഹാനികരമാണ്. വൈറസ് ബാധിച്ചയാളില്‍ നിന്ന് ശരീരദ്രവങ്ങളിലൂടെയും സമ്പര്‍ക്കത്തിലൂടെയും രോഗം വ്യാപിക്കാനുള്ള സാധ്യത ഇതുവഴി കുറയില്ല എന്നും പഠനങ്ങളില്‍ വ്യക്തമായിരുന്നു.