BREAKING NEWS

തദ്ദേശ സ്ഥാപന അധ്യക്ഷന്‍: സംവരണക്രമം മാറ്റേണ്ടതില്ലെന്നു സുപ്രീം കോടതിയും

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളുടെ സംവരണക്രമം മാറ്റേണ്ടതില്ലെന്ന ഹൈക്കോടതി വിധി ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. തിരെഞ്ഞടുപ്പ് പൂര്‍ത്തിയായതിനാല്‍ സംവരണക്രമം മാറ്റുന്നതിനായി ഇടപെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയും ഹേമന്ത് ഗുപ്തയും അടങ്ങുന്ന അവധിക്കാല ബെഞ്ച് വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷപദവി സ്ഥിരമായി സംവരണം ചെയ്യരുതെന്നാണ് ഭരണഘടനയില്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ എം. ആര്‍. അഭിലാഷ് വാദിച്ചു. സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ചട്ടം നിരന്തരം ലംഘിക്കുകയാണെണെന്നും അദ്ദേഹം ആരോപിച്ചു.
നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംവരണം നിശ്ചയിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചാല്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നാണ് ചട്ടമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
തുടര്‍ച്ചയായി സംവരണം ചെയ്യപ്പെട്ട അധ്യക്ഷപദവി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച സംവരണക്രമം മാറ്റേണ്ടതില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യംചെയ്ത് പത്തനംതിട്ട കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വോട്ടറായ ശിവദാസന്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
ശിവദാസന് വേണ്ടി അഭിഭാഷകരായ എം. ആര്‍. അഭിലാഷ്, സായൂജ് മോഹന്‍ദാസ് എന്നിവരാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് എന്നിവര്‍ ഹാജരായി.

Related Articles

Back to top button