ബെംഗളൂരു: ജെ.ഡി.എസ്. എം.എല്‍.സി. സൂരജ് രേവണ്ണക്കെതിരേ പീഡനപരാതിയുമായി മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടി രംഗത്ത്. സൂരജിന്റെ അടുത്ത സഹായിയും ജെ.ഡി.എസ്. പ്രവര്‍ത്തകനുമായ 30-കാരനാണ് ഹൊളെനരസിപുര പോലീസില്‍ പരാതി നല്‍കിയത്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഫാംഹൗസില്‍വെച്ച് സൂരജ് രേവണ്ണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവിന്റെ ആരോപണം.
സൂരജ് എം.എല്‍.സി.യായതിനാലും രാഷ്ട്രീയ സ്വാധീനമുള്ള കുടുംബാംഗമായാലും ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. മാത്രമല്ല, സംഭവം പുറത്ത് പറഞ്ഞാല്‍ താന്‍ കൊല്ലപ്പെട്ടേക്കുമെന്ന ഭയമുണ്ടായിരുന്നതായും 30-കാരന്റെ പരാതിയില്‍ പറയുന്നു.
പരാതിക്കാരന്‍ ആറുവര്‍ഷമായി ജെ.ഡി.എസ്. പ്രവര്‍ത്തകനാണ്. സൂരജിന്റെ അടുത്ത സഹായിയായും പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ സൂരജിനെതിരേ ആദ്യത്തെ പീഡനപരാതി ഉയര്‍ന്നപ്പോള്‍ സൂരജിനെ സംരക്ഷിക്കാനായി രംഗത്തെത്തിയതും ഇയാളായിരുന്നു.
സൂരജിനെതിരേ ആദ്യം പീഡനപരാതി നല്‍കിയ 27-കാരന്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും സൂരജിനെതിരായത് വ്യാജപരാതിയാണെന്നും ആരോപിച്ചാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്. 27-കാരന്‍ നല്‍കിയ പീഡനപരാതിയില്‍ സൂരജിനൊപ്പം ഇയാളും പ്രതിയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ തന്നെ സൂരജിനെതിരേ ലൈംഗികപീഡന പരാതിയുമായി രംഗത്തെത്തിയത്.
ജെ.ഡി.എസ്. പ്രവര്‍ത്തകനായ 27-കാരനാണ് സൂരജ് രേവണ്ണക്കെതിരേ ആദ്യം പോലീസില്‍ പരാതി നല്‍കിയത്. ജോലി ലഭിക്കാന്‍ സഹായം തേടിയെത്തിയ തന്നെ സൂരജ് രേവണ്ണ ഫാംഹൗസില്‍വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു യുവാവിന്റെ ആരോപണം. ഈ കേസില്‍ സൂരജ് രേവണ്ണ അറസ്റ്റിലായതിന് പിന്നാലെയാണ് സമാന ആരോപണങ്ങളുമായി മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകനും പരാതി നല്‍കിയത്.
അതേസമയം, പീഡനക്കേസില്‍ അറസ്റ്റിലായ സൂരജ് രേവണ്ണയ്ക്ക് ലൈംഗികശേഷി പരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടുദിവസത്തിനകം അന്വേഷണസംഘം സൂരജിനെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.