BREAKING NEWSKERALA

ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം സ്പീക്കര്‍ അവസാനിപ്പിക്കുമോ?: കെ. സുരേന്ദ്രന്‍

കോഴിക്കോട്: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീരാമകൃഷ്ണനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമല്ല. നിയമസഭ സ്പീക്കറെന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രതയൊ മര്യാദയൊ സ്പീക്കര്‍ കാണിച്ചിട്ടില്ല. സ്വര്‍ണക്കടത്തുകാരെ താന്‍ സഹായിച്ചിട്ടില്ലെന്നാണ് സ്പീക്കര്‍ പറയുന്നത്. സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്തുമായുള്ള ബന്ധത്തിന് തെളിവുണ്ട്. ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ തയ്യാറാകുമോ?
ഊരാളുങ്കല്‍ സൊസൈറ്റി സിപിഎം നേതാക്കളുടെ അഴിമതിപ്പണം വെളുപ്പിക്കാനുള്ള മറയാണ്. ഒരു വൈദഗ്ധ്യവുമില്ലാത്ത മേഖലകളില്‍ പോലും കരാര്‍ കൊടുത്തിട്ടുണ്ട്. ഒരു കരാര്‍ മാനദണ്ഡവുമില്ലാതെ അധികതുക മുന്‍കൂറായി സൊസൈറ്റിക്കു നല്‍കി ബാക്കി തുക സിപിഎം നേതാക്കള്‍ എടുക്കുകയാണ്. ഇതേ മാതൃകയാണ് നിയമസഭയ്ക്കകത്ത് വഴിവിട്ട ഇടപാട് നടത്താന്‍ സ്പീക്കര്‍! തിരഞ്ഞെടുത്തത്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നൊക്കെ എന്തിനാണ് സ്പീക്കര്‍ പറയുന്നത്? അത്രയുറപ്പുണ്ടെങ്കില്‍ ഇങ്ങനെ ആലോചിച്ചിരിക്കാതെ നേരെ നിയമനടപടി എടുത്താല്‍പ്പോരേയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോവാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ആദ്യം എം.ശിവശങ്കറും പിന്നീട് സി.എം.രവീന്ദ്രനും ചികിത്സയുടെ പേരില്‍ വൈകിപ്പിക്കാന്‍ ശ്രമിച്ചു. ഇത് സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാണ്. ആശുപത്രി അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും ഒത്താശയോടെയാണ് സി.എം.രവീന്ദ്രന്‍ ഒഴിഞ്ഞുമാറുന്നത്. സി.എം.രവീന്ദ്രന് ഗുരുതരമായ പ്രശ്‌നമുണ്ടെന്ന് ആരാണ് പറഞ്ഞത്? സിപിഎമ്മുകാരല്ലാത്ത ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിച്ച് ആരോഗ്യസ്ഥിതി എന്താണെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ തയാറാവണം. അരിയില്‍ ഷുക്കൂറിന്റെ കൊലപാതകക്കേസ് അന്വേഷിക്കുമ്പോള്‍ രാജേഷിന്റെ ചെവി പൂര്‍ണമായും തകര്‍ന്നുവെന്നും തീരെ കേള്‍ക്കില്ലെന്ന് ഒരു ഡോക്ടര്‍ വ്യാജസര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അഴിമതിക്കെതിരെ ശബ്ദിക്കാന്‍ യുഡിഎഫിന് ധാര്‍മിക അവകാശമില്ല. ശബരിമല റിവ്യൂ പെറ്റീഷന്‍ കേള്‍ക്കാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചതോടെ ഇനി മുഖ്യമന്ത്രി പിണറായി വിജയനോ സര്‍ക്കാരിനോ ഒന്നും ചെയ്യാന്‍ കഴിയില്ല. ശബരിമല സംരക്ഷണസമിതിയും ബിജെപിയുമാണ് കേസുമായി മുന്നോട്ടുപോവുന്നത്. ഒരു ആത്മാര്‍ഥതയുമില്ലാതെ കോണ്‍ഗ്രസ് നിയമ നിര്‍മാണമെന്നൊക്കെ പറയുന്നതല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Back to top button