തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങാതെ പ്രചാരണത്തില്‍ ശ്രദ്ധിക്കാന്‍ ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്. താന്‍ മത്സരിക്കുന്നില്ലെന്നും പകരം പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നും സുരേന്ദ്രന് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ അറിയിക്കാമെന്നാണു ദേശീയ നേതൃത്വത്തിന്റെ മറുപടി. മറ്റു സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റും മത്സരിക്കുന്നതാണ് ബിജെപിയില്‍ സാധാരണ കീഴ്വഴക്കം.
കേന്ദ്രമന്ത്രി വി. മുരളീധരന്, നടന് സുരേഷ് ഗോപി, കുമ്മനം രാജശേഖരന്, പി.കെ. കൃഷ്ണദാസ് എന്നിവര്‍ ഉള്‍പ്പെടെ നേതൃനിര മത്സരിക്കാനിറങ്ങുമ്പോള്‍ സംസ്ഥാന പ്രസിഡന്റും മത്സരിച്ചാല്‍ പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനാകില്ലെന്നാണു സുരേന്ദ്രന്റെ നിലപാട്. മഞ്ചേശ്വരത്തോ കോന്നിയിലോ ആയിരുന്നു സുരേന്ദ്രന് മത്സരിക്കാനിടയുണ്ടായിരുന്നത്.
ശക്തമായ ത്രികോണ മത്സര സാധ്യതയുണ്ടെന്നു പാര്‍ട്ടി കരുതുന്ന 30 മണ്ഡലങ്ങളില്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ച ഏജന്‍സിയുടെ 2 ഘട്ടം സര്‍വേ പൂര്‍ത്തിയായി. സ്ഥാനാര്‍ഥിയെ സംബന്ധിച്ച നിര്‍ദേശവുമായി സര്‍വേ റിപ്പോര്‍ട്ട് ഈയാഴ്ച ദേശീയ നേതൃത്വത്തിനു നല്‍കും. ഫെബ്രുവരി ആദ്യ ആഴ്ച സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഘടകകക്ഷികളുടെ സീറ്റുകളിലും ധാരണയാകും. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് ഈ മാസം അവസാനമെത്തും. ഫെബ്രുവരി ആദ്യ വാരം ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും എത്തും.