BREAKINGKERALA

ജി സുധാകരനെ പുറത്താക്കിയാല്‍ ബിജെപി സ്വീകരിക്കും; പറിക്കേണ്ടത് പിണറായിയിലെ കള-സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഎം തിരുത്തലിന് ഒരുങ്ങുകയാണെങ്കില്‍ ആലപ്പുഴയിലെ കളയല്ല പിണറായിയിലെ കളയാണ് പറച്ചുകളയേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അതിനുള്ള ധൈര്യം എം.വി ഗോവിന്ദനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദിച്ച കുറ്റത്തിന് ജി.സുധാകരനെ പുറത്താക്കിയാല്‍ അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ ശരിയായ ബദല്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. ശക്തമായ നിലപാടെടുത്ത് സിപിഎമ്മില്‍ രക്തസാക്ഷികളാവുന്നവരെ സ്വീകരിക്കാന്‍ ബിജെപിയുണ്ട്. പണ്ടൊക്കെ സിപിഎമ്മില്‍ നിന്നും പുറത്താകുന്നവര്‍ അനാഥമാവുമായിരുന്നെങ്കില്‍ ഇന്ന് 20% വോട്ടുള്ള എന്‍ഡിഎ ഇവിടെയുണ്ട്. ഒരിക്കലും വര്‍ഗീയ പ്രീണന രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കില്ല. വികസന രാഷ്ട്രീയം ഉയര്‍ത്തിയാവും എന്‍ഡിഎ ന്യൂനപക്ഷങ്ങളെ സമീപിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബാധിപത്യ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണിത്. കേരളത്തിലെ സൂപ്പര്‍ മുഖ്യമന്ത്രിക്കെതിരെയാണ് പി.എസ്.സി. മെമ്പര്‍ നിയമനത്തിലെ കോഴ ആരോപണം വന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഭൂരിപക്ഷ ജനവിഭാഗത്തിന് നേരെ കയ്യോങ്ങുകയാണ് സിപിഎം ചെയ്യുന്നത്. തങ്ങള്‍ക്ക് വോട്ടു ചെയ്യാത്തവരോട് പകപോക്കാനാണ് സിപിഎം ഒരുങ്ങുന്നത്. എന്നാല്‍ ബിജെപിയെ പിന്തുണച്ചതിന്റെ പേരില്‍ ആരും ആക്രമിക്കപ്പെടില്ല. ക്രൈസ്തവ നേതൃത്വത്തെയും സിപിഎം ഭീഷണിപ്പെടുത്തുകയാണ്. ബിജെപിക്ക് വോട്ട് ചെയ്തവരെ വേട്ടയാടാന്‍ അനുവദിക്കില്ല. എസ്എഫ്‌ഐയെ ഉപയോഗിച്ച് നാട്ടില്‍ കലാപം അഴിച്ചുവിടുകയാണ് സിപിഎം ചെയ്യുന്നത്. പ്രിന്‍സിപ്പല്‍മാര്‍ക്ക് കോളേജില്‍ പ്രവേശിക്കാനാവാത്ത സാഹചര്യമാണുള്ളത്. ഇതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പോരാടാനാണ് ബിജെപിയുടെ തീരുമാനമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
എല്‍ഡിഎഫ് അല്ലെങ്കില്‍ യുഡിഎഫ് എന്ന സ്ഥിതി കേരളത്തില്‍ മാറി. മൂന്നാമതൊരു ശക്തി കൂടി വന്നു. ഇത് കേരളമാണ് ബിജെപിക്ക് ബാലികേറാമലയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ആ കേരളത്തില്‍ ബിജെപി ഒന്നാമതുമെത്തി രണ്ടാമതും എത്തി. എല്‍ഡിഎഫിനും ബിജെപിക്കും ഒരേ സീറ്റാണ് കിട്ടിയത്. അധികം വൈകാതെ ബിജെപി കേരളം ഭരിക്കും. മാരാര്‍ജി മുതലുള്ള നേതാക്കള്‍ കേരളം മുഴുവന്‍ നടന്ന് പ്രവര്‍ത്തിച്ചതാണ് ഈ വിജയത്തിന്റെ അടിത്തറ. തനിക്ക് മുമ്പേ പ്രവര്‍ത്തിച്ച എല്ലാ സംസ്ഥാന അധ്യക്ഷന്മാര്‍ക്കുമാണ് വിജയത്തിന്റെ ക്രെഡിറ്റ്. ബലിദാനികളുടെ പ്രസ്ഥാനമാണ് ബിജെപി. വിശ്വസിച്ച ആദര്‍ശത്തിന് വേണ്ടി പ്രവര്‍ത്തിക്കാനിറങ്ങിയതിന്റെ പേരില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പ്രധാനമന്ത്രിയും ദേശീയ നേതാക്കളും എപ്പോഴും കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് പറയാറുണ്ട്. അത് ഇവിടുത്തെ പ്രവര്‍ത്തകരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ്.ഈ വിജയത്തിലും അമിതമായി ആഹ്ലാദിക്കാനും സന്തോഷിക്കാനും ഒന്നുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Back to top button