KERALAKOTTAYAMLATEST

പരിഷ്‌കൃത സമൂഹത്തിന് അത്യന്താപേക്ഷിതമായ കേന്ദ്രമാണ് സ്‌നേഹിത ജന്‍ഡര്‍ ഹെല്പ് ഡെസ്‌ക്: സുരേഷ് കുറുപ്പ് എംഎല്‍എ

കോട്ടയം : പരിഷ്‌കൃത സമൂഹത്തിന് അത്യന്താപേക്ഷിതമായ കേന്ദ്രമാണ് സ്‌നേഹിതയെന്ന് അഡ്വ. സുരേഷ് കുറുപ്പ് എംഎല്‍എ അഭിപ്രായപ്പെട്ടു. കുടുംബശ്രീ കോട്ടയം ജില്ലാമിഷന്‍ സ്‌നേഹിത ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെ അടിച്ചിറയിലുള്ള പുതിയ ഓഫീസ് ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കവയെയാണ് എംഎല്‍എ സംസാരിച്ചത്. സാധാരണക്കാരായ വനിതകളുടെയും കുട്ടികളുടെയും ആശാകേന്ദ്രമാണ് സ്‌നേഹിത എന്ന് അധ്യക്ഷപ്രസംഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കൂമ്പിക്കല്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിരവധി സഹായങ്ങളാണ് സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ഒരുക്കി നല്‍കുന്നത്. വനിതാ ശിശുക്ഷേമം, പോലീസ് എന്നീ വകുപ്പുകളുമായി സംയോജിച്ചാണ് സംസ്ഥാനത്ത് സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍. അതിക്രമങ്ങള്‍ നേരിട്ട് സ്‌നേഹിതയിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസികമായ പിന്തുണ നല്‍കുന്നതോടൊപ്പം തന്നെ അവര്‍ക്കാവശ്യമായ നിയമ സഹായം, കൗണ്‍സിലിങ് തുടങ്ങിയ സേവനങ്ങളും സ്‌നേഹിത വഴി ലഭ്യമാക്കുന്നു. കൂടാതെ താത്ക്കാലിക അഭയവും നല്‍കുന്നു. ഇതിനു പുറമേ നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. സ്‌നേഹിതയിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്‌നേഹിതയിലെ കൗണ്‍സിലര്‍മാര്‍ വഴി ആവശ്യമായ കൗണ്‍സലിങ്ങ് നല്‍കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്തുതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പുകള്‍, ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ എന്നീ സംവിധാനങ്ങള്‍ വഴി അതിക്രമങ്ങള്‍ക്കിരയാകുന്നതായി കണ്ടെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്‌നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ സുരക്ഷിത താമസവും സൗജന്യനിയമ സഹായവും മാനസിക പിന്തുണയും ലഭ്യമാക്കും. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍, പരീക്ഷ ജോലി എന്നിവ സംബന്ധിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് ആവശ്യമെങ്കില്‍ സ്‌നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ താമസിക്കാനുള്ള സൗകര്യം ലഭ്യമാണ്. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് ഉപജീവനം,അതിജീവനം, സുരക്ഷ എന്നിവയ്ക്കായി സര്‍ക്കാര്‍സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്. പദ്ധതി മാര്‍ഗരേഖ പ്രകാരം സ്‌നേഹിതയുടെ സുഗമമായ നടത്തിപ്പിനായി എല്ലാ കേന്ദ്രങ്ങളിലും അഞ്ച് സേവനദാതാക്കള്‍, രണ്ട് കൗണ്‍സിലര്‍മാര്‍, രണ്ട് സെക്യൂരിറ്റി ഓഫീസര്‍മാര്‍, കെയര്‍ ടേക്കര്‍, ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2013 ഓഗസ്റ്റിലാണ് സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 201718 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ആറ് ജില്ലകളില്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ എല്ലാ ജില്ലകളിലും സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് സ്‌നേഹിത ഹെല്‍പ് ഡെസ്‌ക്കിന്റേത്. പദ്ധതി മാര്‍ഗരേഖയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഓഫീസ് റൂം, സേവനം ആവശ്യപ്പെട്ട് എത്തുന്നവര്‍ക്കുള്ള വിശ്രമമുറി, കൗണ്‍സിലിങ്ങ് റൂം, താല്‍ക്കാലിക താമസത്തിനുള്ള സൗകര്യം, കുടിവെളളം. സാനിട്ടറി സൗകര്യം എന്നീ സംവിധാനങ്ങള്‍ സ്‌നേഹിതയുടെ എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന സ്‌നേഹിത സെന്ററുകളില്‍ ടോള്‍ ഫ്രീ നമ്പര്‍ സൗകര്യവുമുണ്ട്. നാളിതു വരെ കോട്ടയം സ്‌നേഹിതയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1400ഓളം കേസുകളാണ്. ഇവര്‍ക്ക് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടെ ആവശ്യമായ നിയമസഹായം നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഷോര്‍ട്ട് സ്റ്റേ സേവനവും നല്‍കി വരുന്നുണ്ട്.
മുന്‍പ് ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡ് സിയോണ്‍ ജംഗ്ഷനു സമീപം പ്രവര്‍ത്തിച്ചിരുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ഓഫീസാണ് ഇന്നു മുതല്‍ അടിച്ചിറ പരിത്രാണ ധ്യാന കേന്ദ്രത്തിനു സമീപം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്
ഉദ്ഘാടന ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസന്‍ തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ കൊച്ചുറാണി ജയ്‌മോന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ വിജയകുമാര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഉഷ ഇ എസ് എന്നിവരും സന്നിഹിതരായിരുന്നു. പ്രസ്തുത ചടങ്ങില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അരുണ്‍ പ്രഭാകര്‍ സ്വാഗതവും, സ്‌നേഹിത കൗണ്‍സിലര്‍ ഉണ്ണിമോള്‍ നന്ദിയും പറഞ്ഞു.
സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക് സേവനങ്ങള്‍ക്കുമായി ഓഫീസുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍ .1800 425 2049, 0481 2538555

Related Articles

Back to top button