മുംബൈ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന, നടന് ഹൃത്വിക് റോഷന്റെ മുന്‍ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ സുസൈന് ഖാന് എന്നിവര്‍ അറസ്റ്റില്‍. മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഗായകന് ഗുരു രണ്‍ധാവയും അറസ്റ്റിലായിരുന്നു.
മുംബൈ വിമാനത്താവളത്തിന് സമീപത്തുള്ള മുംബൈ ഡ്രാഗണ്‍ഫ്ലൈ ക്ലബില്‍ നടന്ന റെയ്ഡിലാണ് അറസ്റ്റ് നടന്നത്. 34 പേരെയാണ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്. ഇതില്‍ മുംബൈ ക്ലബ്ബിലെ ഏഴ് സ്റ്റാഫുകളും ഉള്‍പ്പെടുന്നു.
ഐപിസി സെക്ഷന്‍ 188, 269,34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ, നിയമാനുസൃതമായതില്‍ കൂടുതല്‍ അതിഥികളെ ക്ലബ്ബില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും വന്നവര്‍ ആരും തന്നെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു,
ബ്രിട്ടണിലും മറ്റും രൂപമാറ്റം വന്ന കോവിഡ് വൈറസിന്റെ അതിവേഗ വ്യാപനം കണക്കിലെടുത്ത് തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. പുതുവര്‍ഷത്തിന് മു്ന്നോടിയായി കടുത്ത നിയന്ത്രണങ്ങളാണ് പൊതു ചടങ്ങുകള്‍ക്കും മറ്റും സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.