AUTOFOUR WHEELER

എസ്‌യുവികളുടെ രാജാവ് ജീപ്പ് ഗ്രാന്റ് വാഗണീര്‍ മടങ്ങിവരുന്നു

വാഹനലോകത്തെ രാജാക്കന്മാരാണ് എസ്‌യുവികളെങ്കില്‍ എസ്‌യുവികളുടെ രാജാവാണ് അമേരിക്കന്‍ ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഗ്രാന്റ് വാഗണീര്‍. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ഈ മോഡല്‍ തിരികെ എത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
1962ല്‍ ജീപ്പ് അവതരിപ്പിച്ച ഐതിഹാസിക എസ്‌യുവിയാണ് വാഗണീര്‍. അമേരിക്കയിലെ ആദ്യ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള 4X4 വാഹനം ആയിരുന്ന ഇത്. 1963 മുതല്‍ 1991 വരെ അമേരിക്കന്‍ വിപണിയിലെ സാന്നിധ്യമായിരുന്നു ജീപ്പ് വാഗണീര്‍. 1991 ലാണ് വാഹനം കളമൊഴിഞ്ഞത്.
ഇപ്പോഴിതാ 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരികയാണ് ഈ മോഡല്‍. ജീപ്പിന്റെ 7 സീറ്റര്‍ ഫുള്‍ സൈസ് എസ്‌യുവി ആയാണ് വാഗണീറിന്റെ രണ്ടാം വരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജീപ്പ് എസ്‌യുവി നിരയില്‍ ഒരു 7 സീറ്റര്‍ മോഡല്‍ ഇല്ല എന്ന കുറവ് പരിഹരിച്ചാണ് 2021 ഗ്രാന്‍ഡ് വാഗണീര്‍ എന്ന പേരില്‍ വാഹനത്തിന്റെ വരവ്.
2011 നോര്‍ത്ത് അമേരിക്കന്‍ ഓട്ടോഷോയില്‍ പ്രഖ്യാപിക്കപ്പെട്ട വാഹനത്തിന്റെ കണ്‍സെപ്റ്റാണ് ജീപ്പ് ഇപ്പോള്‍ പുറത്തിറക്കുന്നത്. ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടോമൊബൈല്‍സിന്റെ കീഴിലുള്ള അമേരിക്കന്‍ ബ്രാന്‍ഡായ റാമിന്റെ 1500 ഫുള്‍സൈസ് പിക്കപ്പ് കാര്യമായി അഴിച്ചുപണിതാണ് 2021 ജീപ്പ് വാഗോനെര്‍ തയ്യാറാക്കിയിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. 3.6 ലീറ്റര്‍ വി6, 5.7 ലീറ്റര്‍ h8 ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനുകളും 3 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനുമായിരിക്കും വാഹനത്തിന്റെ ഹൃദയം.
പുത്തന്‍ എസ്‌യുവി വാഗോനെര്‍, ഗ്രാന്‍ഡ് വാഗോനെര്‍ എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ വില്പനക്കെത്തും. 7 ഇന്‍ഫോടൈന്മെന്റ് സ്‌ക്രീനുള്ള ഇന്റീരിയര്‍ ആണ് ജീപ്പ് വാഗോനെറിന്. 12.1ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 12.3ഇഞ്ച് ഡ്രൈവര്‍ ഡിസ്!പ്ലേ, 10.25ഇഞ്ച് വലിപ്പമുള്ള സെന്റര്‍ ഡാഷ് ടച്ച്‌സ്‌ക്രീന്‍, ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് പുറകിലായി 10.1ഇഞ്ച് ടച്ച്‌സ്‌ക്രീനുകള്‍ എന്നിവയുണ്ടാകും. 23 സ്പീക്കറുകള്‍ ചേര്‍ന്ന മാക്ഇന്റോഷ് ഓഡിയോ സിസ്റ്റം ആണ് പ്രത്യേകത. 2021ല്‍ വാഗണീര്‍ വിപണിയിലെത്തും എന്നാണ് പ്രതീക്ഷ.

Tags

Related Articles

Back to top button
Close