BREAKING NEWSKERALALATESTNEWS

സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ഇരുവരെയും റിമാന്റ് ചെയ്തത്. എന്‍ഐഎ പ്രത്യേക ജഡ്ജി പി.കൃഷ്ണകുമാറാണു ഉത്തരവിട്ടത്.സ്വപ്നയെയും സന്ദീപ് നായരെയും ഇന്ന് തൃശൂര്‍ അമ്പലക്കരയിലെ കോവിഡ് കെയര്‍ സെന്ററിലാക്കും. നാളെ പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രതികളുടെ വൈദ്യപരിശോധന നടത്തിയിരുന്നു. പ്രതികളുമായി എന്‍ഐഎ ഓഫീസിലേക്ക് വാഹനവ്യൂഹം എത്തിയപ്പോള്‍ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ പൊലീസ് ലാത്തിവീശി.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബെംഗളൂരുവില്‍ നിന്നും പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. ഇരുവരെയും കൊച്ചിക്ക് കൊണ്ടുവരും വഴി വടക്കഞ്ചേരിയില്‍ വച്ച് വാഹനത്തിന് കേടുപാടുണ്ടായി. ബെംഗളൂരുവില്‍ നിന്ന് വരുന്നവഴിയാണ് വടക്കഞ്ചേരിയില്‍ വച്ച് വാഹനം കേടായത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് കൊച്ചിയിലേക്കുള്ള തുടര്‍യാത്ര നടന്നത്. വാളയാര്‍ അതിര്‍ത്തി കടന്ന് രണ്ട് വാഹനങ്ങളിലായി കൊണ്ടുവന്ന സ്വപ്നയേയും സന്ദീപിനേയും റോഡരികില്‍ വണ്ടി നിര്‍ത്തി കുറച്ച് കൂടി വലിയൊരു വാഹനത്തിലേക്ക് മാറ്റിക്കയറ്റുകയായിരുന്നു. മുഖം മറച്ച നിലയിലാണ് പ്രതികള്‍ ഉണ്ടായിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി ചെന്നെങ്കിലും പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല

Tags

Related Articles

Back to top button
Close
Close